
വാഷിംഗ്ടൺ: അമേരിക്കയുമായി ഒപ്പുവെച്ച വെടിനിർത്തൽ കരാർ നടപ്പിലാക്കുക എന്നത് അങ്ങേയറ്റം ബുദ്ധിമുട്ടേറിയതാണെങ്കിലും സാധ്യമായ ഒന്നാണെന്ന് ചര്‍ച്ചയുടെ നേതൃ സ്ഥാനത്തുള്ള ഇറാന്‍റെ പാർലമെന്റ് സ്പീക്കറും മുഹമ്മദ് ബാഗർ ഗാലിബാഫ്. അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിലാപചടങ്ങുകളിൽ പങ്കെടുക്കാനായി ടെഹ്‌രാനിലെത്തിയ ഹമാസ് രാഷ്ട്രീയകാര്യ ബ്യൂറോ തലവൻ മുഹമ്മദ് ഇസ്മായിൽ ദർവേശുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇറാന്റെ നയം വ്യക്തമാക്കിയത്.
അമേരിക്കയുമായി തങ്ങൾക്ക് യാതൊരുവിധ സമാധാനവുമില്ലെന്നും ഇസ്രായേൽ എന്ന രാജ്യത്തെ രാജ്യം ഒരിക്കലും അംഗീകരിക്കില്ലെന്നും ആവർത്തിച്ച ഗാലിബാഫ്, മേഖലയിലെ സായുധ പ്രതിരോധ പ്രസ്ഥാനങ്ങൾക്കുള്ള ഇറാന്റെ പിന്തുണ തുടരുമെന്നും പ്രഖ്യാപിച്ചു. ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ മിസൈലുകൾ നൽകിയും, നയതന്ത്രപരമായ സമ്മർദ്ദം ചെലുത്തേണ്ടി വരുമ്പോൾ ചർച്ചകളിലൂടെയും പ്രതിരോധ സഖ്യത്തെ ഇറാൻ പിന്തുണയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയതായി ഇറാന്റെ ഔദ്യോഗിക വാർത്താ മാധ്യമമായ ഐആർഐബി (IRIB) റിപ്പോർട്ട് ചെയ്തു.
ജെറുസലേമിന്റെ മോചനത്തിലൂടെ മാത്രമായിരിക്കും കൊല്ലപ്പെട്ട തങ്ങളുടെ പ്രിയ നേതാവ് ഖമേനിയോടുള്ള യഥാർത്ഥ പ്രതികാരം വീട്ടുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസം അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച 14 ഇന കരാർ പ്രകാരം ഉപരോധങ്ങൾ നീക്കുന്നതിനെക്കുറിച്ചും ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ചും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്യാൻ 60 ദിവസത്തെ കാലാവധിയാണ് നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ മേഖലയിലെ സായുധ ഗ്രൂപ്പുകൾക്ക് ഇറാൻ നൽകുന്ന പിന്തുണയെക്കുറിച്ചോ ഇറാന്റെ മിസൈൽ-ഡ്രോൺ പദ്ധതികളെക്കുറിച്ചോ ഈ കരാറിൽ ഒരിടത്തും പരാമർശിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.














