8 വിദ്യാർഥികളുടെ ജീവനെടുത്ത കയ്പ്പമംഗലം അപകടം: ദേശീയപാത സുരക്ഷ ഉറപ്പാക്കാനുള്ള പരിശോധനകൾ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് മുഖ്യമന്ത്രി

തൃശ്ശൂർ കയ്പ്പമംഗലം ദേശീയപാതയിൽ എട്ട് വിദ്യാർത്ഥികൾ വാഹനാപകടത്തിൽ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ, കേരളത്തിലെ ദേശീയപാത സുരക്ഷ അടിയന്തരമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ചു. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും എൻ എച്ച് 66 നിർമ്മാണ പാതയിലെ സുരക്ഷാ ക്രമീകരണങ്ങൾ ഉടൻ വിലയിരുത്തണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

ദേശീയപാത വികസനം നടക്കുന്ന പാതകളിൽ താത്കാലിക റോഡ് തിരിവുകൾ, അപായ സൂചനകൾ, മതിൽക്കെട്ടുകൾ, മധ്യരേഖ അടയാളങ്ങൾ, ലൈറ്റിംഗ് സംവിധാനങ്ങൾ എന്നിവ കൃത്യമാണോ എന്ന് എൻ.എച്ച്.എ.ഐ. വഴി സ്വതന്ത്ര പരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി. നിർമ്മാണ മേഖലകളിൽ വാഹനങ്ങൾ വഴിതിരിച്ചുവിടുന്ന ഇടങ്ങളിൽ മതിയായ സുരക്ഷാ മുൻകരുതലുകൾ ഉറപ്പാക്കേണ്ടതുണ്ട്.

നിർമ്മാണ മേഖലകളിലും സമീപ പ്രദേശങ്ങളിലും എൻജിനീയറിംഗ് ആവശ്യങ്ങൾക്കുള്ള വാഹനങ്ങളും മറ്റ് ഭാരവാഹനങ്ങളും അശാസ്ത്രീയമായും നിയമവിരുദ്ധമായും പാർക്ക് ചെയ്യുന്നത് തടയാൻ കർശന നിയന്ത്രണം ഏർപ്പെടുത്തണം. ഇത്തരം അപകടകരമായ പാർക്കിംഗുകൾ തടയുന്നതിൽ വീഴ്ച വരുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കരാറുകാരും ഏജൻസികളും എൻ.എച്ച്.എ.ഐ. നിർദ്ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങളും ട്രാഫിക് പ്ലാനുകളും കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം. നിർമ്മാണ പ്രവർത്തികൾ നടക്കുന്ന മുഴുവൻ പാതകളിലും സമയബന്ധിതമായി സുരക്ഷാ പരിശോധന നടത്തി, കണ്ടെത്തുന്ന പോരായ്മകൾ പരിഹരിക്കാൻ കേന്ദ്രമന്ത്രി വ്യക്തിപരമായി ഇടപെടണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

Inspect National Highway Safety: CM VD Satheesan Writes to Union Minister Nitin Gadkari

More Stories from this section

family-dental
witywide