സമസ്ത മുഖപത്രമായ ‘സുപ്രഭാതം’ എഡിറ്റോറിയലിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനം. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പരാമർശത്തിനെതിരെ മുഖ്യമന്ത്രി നടത്തിയ പ്രതികരണത്തോടുള്ള കടുത്ത വിയോജിപ്പാണ് മുഖപത്രം പ്രകടിപ്പിച്ചത്. ‘മര്യാദയ്ക്ക് സംസാരിക്കണം’ എന്ന തലക്കെട്ടിലെഴുതിയ എഡിറ്റോറിയലിൽ, മുസ്‌ലിം പിന്തുണയുള്ള മുഖ്യമന്ത്രിയെന്ന പ്രതിച്ഛായ മാറ്റിയെടുക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളുടെ ഭാഗമാണ് കാന്തപുരത്തിനെതിരെയുള്ള പ്രസ്താവനയെന്ന് കുറ്റപ്പെടുത്തുന്നു.
കാന്തപുരത്തിനെതിരെയുള്ള മുഖ്യമന്ത്രിയുടെ നിലപാട് ‘കുരുടൻ ആനയെ തൊട്ടതുപോലെ’ മാത്രമാണെന്ന് വിശേഷിപ്പിച്ച മുഖപത്രം, സതീശന്റെ മുൻകാല നിലപാടുകളിലെ ഇരട്ടത്താപ്പും ചൂണ്ടിക്കാണിക്കുന്നുണ്ട്. ശബരിമല യുവതി പ്രവേശനത്തെ ശക്തമായി എതിർത്ത നേതാവായ സതീശൻ ഇന്ന് സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നത് ഇരട്ടത്താപ്പാണ്. കൂടാതെ, മുനമ്പം ഭൂമി വഖഫ് അല്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചതും പി.എം. ശ്രീ പദ്ധതി നടപ്പാക്കാൻ താല്പര്യം കാണിച്ചതുമെല്ലാം സതീശന്റെ നിലപാടുകളുടെ ഭാഗമാണെന്ന് എഡിറ്റോറിയൽ ഓർമ്മിപ്പിക്കുന്നു.
രാഷ്ട്രീയ നേതാക്കളുടെ വായനാശീലങ്ങളെയും ശൈലികളെയും എഡിറ്റോറിയലിൽ പരാമർശിക്കുന്നുണ്ട്. വായനയുണ്ടെന്ന് അവകാശപ്പെടുന്ന സതീശൻ ഇതുവരെ നോവലുകൾ ഒന്നും എഴുതിയിട്ടില്ലെന്നും, എന്നാൽ രമേശ് ചെന്നിത്തല വലിയ അവകാശവാദങ്ങൾ ഉന്നയിച്ചില്ലെങ്കിലും സാഹിത്യ രചനകൾ നടത്തിയിട്ടുണ്ടെന്നും ലേഖനത്തിൽ പരോക്ഷമായി സൂചിപ്പിക്കുന്നു. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുള്ള ഇത്തരം ഏകപക്ഷീയമായ പ്രസ്താവനകളും നിലപാടുകളും തിരുത്തപ്പെടണമെന്നാണ് സമസ്ത മുഖപത്രം വ്യക്തമാക്കുന്നത്.
Samastha Organ Critiques Chief Minister VD Satheesan Over Remarks Against Kanthapuram AP Aboubacker Musliyar










