വാഷിങ്ടൺ: നോർത്ത് കരോലിനയിലെ ആഷ്‌വില്ലിൽ നടക്കുന്ന ജി20 ധനമന്ത്രിമാരുടെ യോഗം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് ന്യൂയോർക്ക് ടൈംസ്, ബ്ലൂംബെർഗ് ന്യൂസ്, വാൾ സ്ട്രീറ്റ് ജേണൽ എന്നിവയുൾപ്പെടെ പ്രമുഖ മാധ്യമസ്ഥാപനങ്ങളിലെ നിരവധി മാധ്യമപ്രവർത്തകരെ യുഎസ് ട്രഷറി വകുപ്പ് ഒഴിവാക്കി. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റിന്റെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്. ആഗോള വിപണികളിലെ വർധിച്ച അസ്ഥിരതയും യുഎസ്–ഇറാൻ സംഘർഷവും തുടരുന്നതിനിടെയാണ് ജി20 യോഗം ചേരുന്നത്. ലോകത്തെ പ്രധാന സമ്പദ്‌വ്യവസ്ഥകളിലെ ധനമന്ത്രിമാർ, സെൻട്രൽ ബാങ്ക് ഗവർണർമാർ, മുതിർന്ന സാമ്പത്തിക ഉദ്യോഗസ്ഥർ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
അതേസമയം, മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ അപേക്ഷകൾ നിരസിച്ചതിന്റെ കാരണം ട്രഷറി വകുപ്പ് വ്യക്തമാക്കിയിട്ടില്ല. ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് പ്രകാരം യുഎസ്, ഫ്രാൻസ്, ഇറ്റലി, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നിരവധി റിപ്പോർട്ടർമാർക്ക് യോഗത്തിൽ പ്രവേശനം നിഷേധിച്ചു. മാധ്യമസ്വാതന്ത്ര്യത്തെയും പൊതുജനങ്ങളോടുള്ള ഉത്തരവാദിത്തത്തെയും ഈ നടപടി ദുർബലപ്പെടുത്തുന്നതാണെന്ന് വാർത്താ ഏജൻസി പ്രതികരിച്ചു. 2017 മുതൽ ട്രഷറി വകുപ്പിന്റെയും ഇത്തരം അന്താരാഷ്ട്ര യോഗങ്ങളുടെയും റിപ്പോർട്ടിങ് നടത്തുന്ന തങ്ങളുടെ ട്രഷറി കറസ്പോണ്ടന്റ് അലൻ റാപ്പെപോർട്ടിനും അക്രഡിറ്റേഷൻ നിഷേധിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
എന്നാൽ, ജർമൻ ഉദ്യോഗസ്ഥർ ഇടപെട്ടതിനെ തുടർന്ന് ടൈംസ് ബെർലിൻ ബ്യൂറോ ചീഫ് ജിം ടാങ്കേഴ്സ്ലിക്ക് യോഗത്തിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ന്യൂയോർക്ക് ടൈംസ് ഈ തീരുമാനത്തെ ശക്തമായി അപലപിച്ചു. സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ ദുർബലപ്പെടുത്താനും പൊതുജന പരിശോധനയിൽ നിന്ന് ഒഴിഞ്ഞുമാറാനുമുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമമാണിതെന്ന് പത്രം ആരോപിച്ചു.
ഇറാൻ, ഉപരോധങ്ങൾ, പണപ്പെരുപ്പം, ആഗോള ബോണ്ട് വിപണി തുടങ്ങിയ വിഷയങ്ങൾ ജി20 അജണ്ടയിലുള്ള സാഹചര്യത്തിൽ ഇത്തരം നിയന്ത്രണങ്ങൾ കൂടുതൽ ആശങ്കാജനകമാണെന്നും പത്രം ചൂണ്ടിക്കാട്ടി. വാൾ സ്ട്രീറ്റ് ജേണലിനും യോഗത്തിൽ പങ്കെടുക്കാനുള്ള അനുമതി ലഭിച്ചില്ല. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ പത്രം തയ്യാറായില്ലെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ജി20 അധ്യക്ഷസ്ഥാനം വഹിക്കുന്നത് യുഎസാണ്.
വിവിധ രാജ്യങ്ങളിൽ നിന്നായി 200-ലധികം മാധ്യമപ്രവർത്തകർ ധനമന്ത്രിമാരുടെ യോഗം റിപ്പോർട്ട് ചെയ്യാനെത്തുമെന്നാണ് ട്രഷറി വകുപ്പ് പ്രതീക്ഷിക്കുന്നത്. യോഗം ചൊവ്വാഴ്ച വരെ തുടരും. ട്രംപ് ഭരണകൂടവും യുഎസ് മാധ്യമങ്ങളും തമ്മിലുള്ള ബന്ധത്തിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി.
The US Treasury Department has excluded journalists from several major news organisations, including The New York Times, Bloomberg News and The Wall Street Journal, from covering the G20 finance ministers’ meeting in Asheville, North Carolina.













