താജ്മഹൽ സന്ദർശിച്ച മാർക്കോ റൂബിയോയെ പരിഹസിച്ച് ഇറാൻ; ചരിത്രം അറിഞ്ഞെങ്കിൽ ഇത് ചെയ്യില്ലായിരുന്നു, താജ്മഹൽ ഇറാനിയൻ വാസ്തുശില്പികളുടെ കരവിരുത്

ന്യൂഡൽഹി: അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ താജ്മഹൽ സന്ദർശിച്ച ചിത്രത്തിനെതിരെ വിമർശനവുമായി ഹൈദരാബാദിലെ ഇറാനിയൻ കോൺസുലേറ്റ്. മാർക്കോ റൂബിയോ തൻ്റെ ഔദ്യോഗിക ഇന്ത്യ സന്ദർശനത്തിനിടെയാണ് താജ്‌മഹൽ സന്ദശിച്ചതും അവിടുത്തെ പ്രശസ്‌തമായ ബെഞ്ചിലിരുന്ന് ഭാര്യ ജീനറ്റിനൊപ്പം ചിത്രമെടുത്തതും. റൂബിയോ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

എന്നാൽ, താജ്മഹലിന്റെ ചരിത്രത്തെക്കുറിച്ചോ വാസ്തുവിദ്യയെക്കുറിച്ചോ റൂബിയോയ്ക്ക് അറിവുണ്ടായിരുന്നെങ്കിൽ അദ്ദേഹം അവിടെനിന്ന് ചിത്രം പകർത്താൻ മുതിരില്ലായിരുന്നു എന്ന് ഇറാനിയൻ കോൺസുലേറ്റ് പരിഹസിച്ചു. ഒരു മുഗൾ ചക്രവർത്തി തൻ്റെ പേർഷ്യൻ വംശജയായ ഭാര്യയോടുള്ള സ്നേഹസ്മരണയ്ക്കായി നിർമിച്ചതാണ് ഈ സ്മാരകമെന്നും ഇതിൻ്റെ പിന്നിൽ ഇറാനിയൻ വാസ്തുശില്പികളുടെ കരവിരുതാണെന്നും ഇറാൻ അവകാശപ്പെട്ടു.

ഇറാനിയൻ സംസ്കാരത്തെ തുടച്ചുനീക്കുമെന്ന് ഭീഷണിപ്പെടുത്തുന്നവർ ആ പൈതൃകത്തിന്റെ ഭാഗമായ സ്മാരകത്തിന് മുന്നിൽ നിൽക്കുന്നതിലെ വൈരുദ്ധ്യവും ഇറാൻ ചൂണ്ടിക്കാട്ടി. 1632-ൽ ഷാജഹാൻ ചക്രവർത്തി തന്റെ മൂന്നാമത്തെ ഭാര്യയായ മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ച സ്മ്‌മാരകമാണ് താജ്മഹൽ. മുഗൾ വാസ്തുവിദ്യയുടെ ഉത്തമ ഉദാഹരണമായിട്ടാണ് താജ്‌മഹൽ അറിയപ്പെടുന്നത്.

ഇറാനിയൻ ബന്ധവും താജ്മഹലിൻ്റെ വാസ്‌തുവിദ്യയിൽ പ്രകടമാണ്. സഫാവിഡ് പേർഷ്യൻ പാരമ്പര്യങ്ങളോട് സാദൃശ്യമുള്ളവയാണ് താജ്മഹലിന്റെ വലിയ ഇരട്ട താഴികക്കുടങ്ങൾ, മാർബിളിലെ കൊത്തുപണികൾ, സമമിതി എന്നിവ. സ്വർഗത്തിലെ നാല് നദികളെ പ്രതീകപ്പെടുത്തുന്ന ചാർബാഗ് ഉദ്യാനങ്ങളും ഇറാനിയൻ സ്വാധീനത്തിന് ഉദാഹരണമാണ്. കൂടാതെ, ഇറാനിലെ ഷിറാസിൽനിന്നുള്ള പേർഷ്യൻ കാലിഗ്രാഫറായ അബ്‌ദുൾ ഹഖ് (അമാനത്ത് ഖാൻ) ആണ് താജ്മഹലിലെ മാർബിൾ പ്രതലങ്ങളിൽ ഖുറാൻ വചനങ്ങൾ ആലേഖനം ചെയ്തിരിക്കുന്നത്.

Iran mocks Marco Rubio for visiting Taj Mahal; If he had known history, he wouldn’t have done this, Taj Mahal is the work of Iranian architects