പ്രതിരോധ ശേഷിയും കരുത്തും വീണ്ടെടുത്ത് ഇറാൻ; വെടിനിർത്തൽ കാലയളവിൽ മിസൈൽ ശേഖരം വർദ്ധിപ്പിക്കുന്നതായി ഐആർജിസി

ടെഹ്‌റാൻ: അമേരിക്കയുമായുള്ള വെടിനിർത്തൽ നിലനിൽക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ മിസൈൽ, ഡ്രോൺ ശേഖരം യുദ്ധകാലത്തേക്കാൾ വേഗത്തിൽ ഇറാൻ പുനഃസ്ഥാപിക്കുന്നതായി റിപ്പോർട്ട്. ഇറാന്റെ വ്യോമ പ്രതിരോധ ശേഷി അമേരിക്ക തകർത്തുവെന്ന പെന്റഗണിന്റെ വാദങ്ങളെ തള്ളിക്കൊണ്ടാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് രംഗത്തെത്തിയിരിക്കുന്നത്. വെടിനിർത്തൽ കാലയളവിൽ മിസൈൽ ലോഞ്ചറുകളും ഡ്രോൺ പ്ലാറ്റ്‌ഫോമുകളും നവീകരിക്കുന്ന പ്രവർത്തനങ്ങൾ യുദ്ധത്തിന് മുൻപുള്ളതിനേക്കാൾ വേഗത്തിലാണ് നടക്കുന്നതെന്ന് ഐ.ആർ.ജി.സി ഏറോസ്‌പേസ് ഫോഴ്‌സ് കമാൻഡർ ബ്രിഗേഡിയർ ജനറൽ മൂസവി വ്യക്തമാക്കി.ഇറാന്റെ സൈനിക ശേഷിയുടെ 80 ശതമാനവും തകർത്തതായാണ് യുഎസ് സെൻട്രൽ കമാൻഡ് നേരത്തെ അവകാശപ്പെട്ടിരുന്നത്.

1,500 ഓളം വ്യോമ പ്രതിരോധ കേന്ദ്രങ്ങളും നൂറുകണക്കിന് മിസൈൽ-ഡ്രോൺ സംഭരണശാലകളും തകർത്തുവെന്ന് എയർഫോഴ്സ് ജനറൽ ഡാൻ കെയ്ൻ അവകാശപ്പെട്ടിരുന്നു. എന്നാൽ, അമേരിക്കയുടെ ഈ കണക്കുകൾ തെറ്റാണെന്നും ശത്രുക്കൾക്ക് മേഖലയിൽ മേധാവിത്വം നഷ്ടപ്പെട്ടതായും ഇറാൻ പരിഹസിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയുധങ്ങൾ എത്തിക്കാൻ അമേരിക്ക പാടുപെടുമ്പോൾ ഇറാൻ സ്വന്തം നിലയിൽ കരുത്താർജ്ജിക്കുകയാണെന്ന് മൂസവി കൂട്ടിച്ചേർത്തു.

അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചുള്ള പുതിയ റിപ്പോർട്ടുകളും ഇറാന്റെ വാദങ്ങളെ ഭാഗികമായി ശരിവെക്കുന്നുണ്ട്. ഇറാന്റെ പക്കലുള്ള മിസൈൽ ലോഞ്ചറുകളിൽ പകുതിയോളവും ഇപ്പോഴും സുരക്ഷിതമാണെന്നും ആയിരക്കണക്കിന് ഡ്രോണുകൾ ഇറാന്റെ പക്കൽ ബാക്കിയുണ്ടെന്നും സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. ഹോർമുസ് കടലിടുക്കിലും ലെബനനിലും അമേരിക്കയ്ക്ക് നിയന്ത്രണം നഷ്ടപ്പെട്ടുവെന്ന ഇറാന്റെ പ്രഖ്യാപനം വരും ദിവസങ്ങളിൽ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷ സാധ്യത വർദ്ധിപ്പിച്ചിരിക്കുകയാണ്. യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾക്കിടയിലും ഇറാന്റെ സൈനിക സന്നാഹങ്ങൾ കാര്യമായ പോറലേൽക്കാതെ നിലനിൽക്കുന്നു എന്നത് അമേരിക്കൻ കേന്ദ്രങ്ങളെയും ആശങ്കയിലാക്കുന്നുണ്ട്.

More Stories from this section

family-dental
witywide