
ടെഹ്റാൻ: ഇറാന്‍റെ പരമോന്നത നേതാവ് മൊജ്തബ ഖമേനിയെ ലക്ഷ്യമിട്ട് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് നടത്തിയ വിവാദ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇസ്രായേലിനെ പരോക്ഷമായി അമേരിക്കയുടെ “വളർത്തുമൃഗം” എന്ന് വിശേഷിപ്പിച്ച അരാഗ്ചി, ടെൽ അവീവിന്റെ നടപടികൾ നിയന്ത്രിക്കാൻ വാഷിംഗ്ടൺ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. ഇസ്ലാമാബാദ് ധാരണാപത്രത്തിലെ വ്യവസ്ഥകൾ വ്യക്തവും എല്ലാവർക്കും അറിയാവുന്നതുമാണെന്ന് അരാഗ്ചി പറഞ്ഞു. ഇസ്രായേലിന്റെ പ്രകോപനപരമായ പ്രസ്താവനകൾ നിയന്ത്രിക്കേണ്ട ഉത്തരവാദിത്വം അമേരിക്കൻ പ്രസിഡന്റിനാണെന്നും, അത് സംഭവിച്ചില്ലെങ്കിൽ ഇസ്രായേലിനോട് എങ്ങനെ പ്രതികരിക്കണമെന്ന് ഇറാൻ അറിയാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസം ഇസ്രായേൽ മാധ്യമങ്ങളിലൂടെ പുറത്തുവന്ന പ്രതികരണത്തിൽ, ഇറാൻ ചർച്ചകളിൽ നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്ന “മിടുക്കരായ കച്ചവടക്കാരാണ്” എന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പരിഹസിച്ചിരുന്നു. ഇറാൻ ആണവായുധം വികസിപ്പിക്കാൻ ഒരിക്കലും അനുവദിക്കില്ലെന്നും, ഇറാന്റെ പരമോന്നത നേതാവ് ലക്ഷ്യപ്പട്ടികയിലുണ്ടെന്ന തരത്തിലുള്ള പരാമർശവും അദ്ദേഹം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അബ്ബാസ് അരാഗ്ചിയുടെ കടുത്ത പ്രതികരണം.
ഇറാന്റെ ജനങ്ങൾക്കോ രാജ്യത്തിന്റെ നേതൃത്വത്തിനോ നേരെ ഉയരുന്ന ഏത് ഭീഷണിക്കും ശക്തവും ഉടനടിയുമായ മറുപടി നൽകുമെന്ന് അദ്ദേഹം ആവർത്തിച്ചു. അമേരിക്കയുടെ മധ്യസ്ഥതയിൽ സമാധാന ചർച്ചകൾ തുടരുന്നതിനിടെയാണ് ഇരുരാജ്യങ്ങളുടെയും ഉന്നത നേതാക്കൾ പരസ്പരം കടുത്ത ഭാഷയിൽ പ്രതികരിക്കുന്നത്. നയതന്ത്ര ശ്രമങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോഴും ഇസ്രായേലും ഇറാനും തമ്മിലുള്ള വാക്പോര് മേഖലയിൽ വീണ്ടും സംഘർഷ സാധ്യതകൾ വർധിപ്പിക്കുന്നതായാണ് വിലയിരുത്തൽ.














