
ടെഹ്‌റാൻ: യുഎസുമായി ഒപ്പുവെച്ച സമാധാന ധാരണാപത്രം ഇറാന്‍റെ ചരിത്രപരമായ വിജയമാണെന്ന് വിശേഷിപ്പിച്ച് പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാൻ. ശക്തമായ ഇറാന്റെ സന്ദേശമാണ് ഈ കരാറെന്നും, പരസ്പര ബഹുമാനത്തിലൂടെ മാത്രമേ ശാശ്വത സമാധാനം കൈവരിക്കാനാകൂ എന്ന് രാജ്യം തെളിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. ധാരണാപത്രത്തിൽ ഒപ്പുവെച്ചതിന് പിന്നാലെ തന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെയാണ് ഇറാൻ പ്രസിഡന്റ് ഈ നയതന്ത്ര നേട്ടത്തെക്കുറിച്ച് പ്രതികരിച്ചത്. സ്വന്തം അന്തസ്സും സ്വാതന്ത്ര്യവും കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെ ആഗോള സമാധാനത്തിനും പ്രാദേശിക സഹകരണത്തിനും പുരോഗതിക്കുമായി ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ എന്നും പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാസങ്ങൾ നീണ്ട കടുത്ത യുദ്ധത്തിന് വിരാമമിട്ടുകൊണ്ട് ഇരുരാജ്യങ്ങളും തമ്മിൽ നിലവിൽ വന്ന ഈ സമാധാന കരാർ 14 പ്രധാന നിർദ്ദേശങ്ങൾ അടങ്ങിയതാണ്. ദീർഘകാലത്തെ വെടിനിർത്തലിനും സമാധാന ചർച്ചകൾ തുടരുന്നതിനുമുള്ള കൃത്യമായ വ്യവസ്ഥകൾ ഈ രേഖയിൽ വ്യക്തമാക്കുന്നുണ്ട്. സാമ്പത്തിക ഉപരോധങ്ങൾ നീക്കുന്നതിലൂടെ ഇറാന് തങ്ങളുടെ അസംസ്കൃത എണ്ണ ലോകവിപണിയിൽ വിൽക്കാൻ കരാർ അനുമതി നൽകുന്നു. ഇത് വഴി വൻ സാമ്പത്തിക നേട്ടമാണ് ഇറാന് കൈവരിക. ഇതിന് പുറമെ, വിദേശ ബാങ്കുകളിൽ മരവിപ്പിച്ചു നിർത്തിയിരുന്ന കോടിക്കണക്കിന് ഡോളറിന്റെ ആസ്തികൾ തിരികെ ലഭിക്കാനും, പശ്ചിമേഷ്യൻ പുനർനിർമ്മാണ ഫണ്ടിൽ നിന്ന് 300 ബില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം ഉറപ്പാക്കാനും ഈ ഉടമ്പടിയിലൂടെ ഇറാന് സാധിക്കും.
എന്നാൽ, ഇംഗ്ലീഷിൽ എണ്ണൂറിലധികം വാക്കുകൾ മാത്രമുള്ള ഈ പ്രാരംഭ കരാറിൽ പല സുപ്രധാന നയതന്ത്ര വശങ്ങളും വരും ദിവസങ്ങളിലെ ചർച്ചകൾക്കായി മാറ്റിവെച്ചിരിക്കുകയാണ്. ലോകരാജ്യങ്ങൾ അതീവ പ്രാധാന്യത്തോടെ നോക്കിക്കാണുന്ന ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ചുള്ള കൃത്യമായ വ്യവസ്ഥകളും നിയന്ത്രണങ്ങളും ഈ പ്രാഥമിക രേഖയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. വരും ഘട്ടങ്ങളിൽ നടക്കാനിരിക്കുന്ന വിപുലമായ ചർച്ചകളിൽ മാത്രമായിരിക്കും ആണവ തർക്കങ്ങൾ ഉൾപ്പെടെയുള്ള സങ്കീർണ്ണമായ വിഷയങ്ങളിൽ അന്തിമ തീരുമാനമുണ്ടാകുക. എങ്കിലും നിലവിലെ യുദ്ധാന്തരീക്ഷം ഒഴിവാക്കി സാമ്പത്തിക പുരോഗതിയിലേക്ക് തിരികെ വരാൻ കഴിഞ്ഞത് ഇറാന്റെ വലിയൊരു വിജയമായാണ് ഭരണകൂടം വിലയിരുത്തുന്നത്.













