ലോകത്തിന്റെ വിമർശനം തള്ളി ഇറാൻ ജുഡീഷ്യറി തലവൻ, വധശിക്ഷകൾ ജനങ്ങളുടെ ന്യായമായ ആവശ്യം; ‘ഒരു കുറ്റവാളിയോടും വിട്ടുവീഴ്ചയില്ല

ടെഹ്റാൻ: ഇറാനിൽ വധശിക്ഷകൾ വ്യാപകമാകുന്നതിനെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ, വിവാദ പ്രസ്താവനയുമായി ഇറാൻ ജുഡീഷ്യറി തലവൻ ഗുലാം ഹുസൈൻ മുഹ്‌സിനി ഈജെ ഇ രംഗത്തെത്തി. രാജ്യത്ത് നടപ്പിലാക്കുന്ന വധശിക്ഷകൾ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളുടെ പ്രതിഫലനമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. അമേരിക്കയും ഇസ്രായേലും ഇറാനിൽ ആക്രമണം ആരംഭിച്ചതിന് ശേഷമുള്ള കഴിഞ്ഞ രണ്ട് മാസത്തിനിടെ 21 പേരെ വധശിക്ഷയ്ക്ക് വിധേയമാക്കിയതായും നാലായിരത്തോളം പേരെ അറസ്റ്റ് ചെയ്തതായും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.

ഇറാനിലെ ജനങ്ങളുടെ അവകാശങ്ങൾ ക്രൂരമായ രീതിയിൽ കവർന്നെടുക്കുകയാണെന്ന യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്കിന്റെ വിമർശനത്തെ ഈജെ ഇ തള്ളി. ജനങ്ങളുടെ രക്തം ചിന്തിയ ഒരു കുറ്റവാളിയോടും തങ്ങൾ വിട്ടുവീഴ്ച കാണിക്കില്ലെന്നും ബാഹ്യശക്തികളുടെ പ്രചരണങ്ങളെ ഇറാൻ ഗൗനിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വർഷം ആദ്യം നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിന്റെ ഭാഗമായാണ് പുതിയ വധശിക്ഷകളെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിനിടെ, പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ഇസ്ഫഹാൻ സ്വദേശിയായ 21 വയസ്സുകാരൻ സാസൻ ആസാദ്വാർ ജോംഗാനി എന്ന കരാട്ടെ താരത്തെ വ്യാഴാഴ്ച വധിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇറാൻ ജുഡീഷ്യറിയുമായി ബന്ധപ്പെട്ട മിസാൻ വാർത്താ ഏജൻസിയാണ് ശിക്ഷ നടപ്പിലാക്കിയ വിവരം സ്ഥിരീകരിച്ചത്. സ്വന്തം ജനതയ്ക്ക് നേരെ ഇറാൻ ഭരണകൂടം നടത്തുന്ന ഈ കടുത്ത നടപടികളിൽ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ വലിയ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

More Stories from this section

family-dental
witywide