
ജറുസലേം: മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിലാപചടങ്ങുകളുമായി ഇറാൻ മുന്നോട്ട് പോകുന്നതിനിടെ, ഇറാന്റെ പുതിയ നേതൃത്വത്തിന് നേരെ കടുത്ത വധഭീഷണിയുമായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് രംഗത്ത്. ഇസ്രായേലിനെ തകർക്കാനുള്ള പദ്ധതികളുമായി മുന്നോട്ടുപോകാൻ ശ്രമിക്കുന്ന ഏതൊരു ഇറാനിയൻ നേതാവിനെയും ഇതേ രീതിയിൽ വകവരുത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച അദ്ദേഹത്തിന്റെ വക്താവ് പുറത്തുവിട്ട പ്രസ്താവനയിലാണ് ഇസ്രായേൽ തങ്ങളുടെ കർശനമായ നിലപാട് വ്യക്തമാക്കിയത്.
ഇറാനിലും മിഡിൽ ഈസ്റ്റിലുടനീളവും ഇസ്രായേലിനെ നശിപ്പിക്കാനുള്ള തന്ത്രങ്ങൾക്ക് നേതൃത്വം നൽകിയതിനാലാണ് ഇപ്പോൾ വിലാപയാത്ര നടക്കുന്ന ആയത്തുള്ള അലി ഖമേനിയെ ഇസ്രായേൽ വധിച്ചതെന്ന് കാറ്റ്സ് പരസ്യമായി പ്രഖ്യാപിച്ചു. അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനിൽ നടത്തിയ വ്യോമാക്രമണങ്ങൾ ഇസ്രായേൽ നേരിട്ടിരുന്ന പെട്ടെന്നുള്ള നിലനിൽപ്പിന്റെ ഭീഷണികളെ പൂർണ്ണമായി ഇല്ലാതാക്കിയെന്നും ഇറാന്റെ തന്ത്രപ്രധാനമായ സൈനിക ശേഷിയെ തകർത്തുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
വിലാപചടങ്ങുകൾക്കിടയിൽ ജനക്കൂട്ടം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ‘ട്രംപിന് മരണം’ പോലുള്ള മുദ്രാവാക്യങ്ങൾ മുഴക്കുന്നതിനെ അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. ഇത് ലജ്ജാകരമാണെന്നും ഇറാനിലെ അയത്തുള്ള ഭരണകൂടത്തിന്റെ യഥാർത്ഥ ക്രൂരസ്വഭാവമാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു.














