
ന്യൂഡൽഹി: ചന്ദ്രയാൻ-3 ഉൾപ്പെടെ ഇന്ത്യയുടെ അഭിമാന ബഹിരാകാശ ദൗത്യങ്ങൾ വിക്ഷേപിക്കാൻ ഉപയോഗിച്ച എൽവിഎം-3 (LVM-3) റോക്കറ്റിന്റെ സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി. ഐഎസ്ആർഒയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനത്തിന്റെ സാങ്കേതികവിദ്യ കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ (IN-SPACe) സ്വകാര്യ കമ്പനികളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു. ഇന്ത്യയുടെ ബഹിരാകാശ മേഖലയിൽ സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
ഏഴ് വർഷത്തെ ബഹിരാകാശ മേഖലാ പ്രവൃത്തിപരിചയമുള്ള കമ്പനികൾക്കാണ് അപേക്ഷിക്കാൻ അർഹത. ഇന്ത്യൻ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള കമ്പനികൾക്ക് മാത്രമേ അപേക്ഷിക്കാനാകൂ. സർക്കാർ ഉടമസ്ഥതയിലോ സർക്കാർ പങ്കാളിത്തത്തിലോ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാൻ അനുമതിയില്ല. ഇതോടെ പൊതുമേഖലാ സ്ഥാപനമായ എച്ച്എഎല്ലിന് ഈ പ്രക്രിയയിൽ പങ്കെടുക്കാനാകില്ല.
ചന്ദ്രയാൻ-3, ഗഗൻയാൻ പരീക്ഷണ ദൗത്യങ്ങൾ, വാണിജ്യ ഉപഗ്രഹ വിക്ഷേപണങ്ങൾ തുടങ്ങി നിരവധി നിർണായക ദൗത്യങ്ങൾക്ക് ഉപയോഗിച്ച ഹെവി-ലിഫ്റ്റ് റോക്കറ്റാണ് എൽവിഎം-3. ഇന്ത്യയുടെ ബഹിരാകാശ സ്വയംപര്യാപ്തതയുടെ പ്രധാന പ്രതീകങ്ങളിലൊന്നായാണ് ഈ റോക്കറ്റിനെ വിലയിരുത്തുന്നത്.
ഐഎസ്ആർഒയുടെ ഏറ്റവും ചെറിയ വിക്ഷേപണ വാഹനമായ എസ്‌എസ്‌എൽവിയുടെ സാങ്കേതികവിദ്യ നേരത്തെ സ്വകാര്യ മേഖലയിലേക്ക് കൈമാറിയിരുന്നു. ഈ കരാർ എച്ച്എഎല്ലാണ് സ്വന്തമാക്കിയത്. അതേസമയം, ഇന്ത്യയുടെ ഏറ്റവും വിശ്വസനീയമായ വിക്ഷേപണ വാഹനങ്ങളിലൊന്നായ പിഎസ്‌എൽവി (PSLV)യുടെ സാങ്കേതികവിദ്യ കൈമാറുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ബഹിരാകാശ രംഗത്ത് സ്വകാര്യ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുകയും ആഗോള വാണിജ്യ വിക്ഷേപണ വിപണിയിൽ ഇന്ത്യയുടെ സാന്നിധ്യം വിപുലീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു.















