
എൽ.ഡി.എഫ്. സർക്കാർ കൊണ്ടുവന്ന സ്ത്രീ സുരക്ഷാ പദ്ധതി നിലവിലെ യു.ഡി.എഫ്. സർക്കാർ അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയതോടെ സഭയിൽ ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ കടുത്ത വാക്പോര്. റൂൾ 50 പ്രകാരം എ.സി. മൊയ്തീനാണ് വിഷയത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഗാർഹിക ജോലികളുടെ മൂല്യം തിരിച്ചറിഞ്ഞ് മുൻ സർക്കാർ കൊണ്ടുവന്ന വിപ്ലവകരമായ ക്ഷേമ പദ്ധതിയാണിതെന്നും 14 ലക്ഷത്തോളം വരുന്ന പാവപ്പെട്ട സ്ത്രീകളെ ബാധിക്കുന്ന വിഷയമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചില കാര്യങ്ങളിൽ അതിവേഗത്തിൽ തീരുമാനങ്ങളെടുക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശന് പാവപ്പെട്ട സ്ത്രീകളുടെ കാര്യത്തിൽ മാത്രം വേഗതയില്ലാത്തത് എന്തുകൊണ്ടാണെന്ന് പരിഹസിച്ച മൊയ്തീൻ, സർക്കാരിന്റേത് സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും കുറ്റപ്പെടുത്തി.
എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിന് വെറും ഒരു മാസം മുൻപ് യാതൊരുവിധ മുൻകൂറ്റ തയ്യാറെടുപ്പുകളുമില്ലാതെയാണ് മുൻ സർക്കാർ ഈ പദ്ധതി പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ സഭയിൽ തിരിച്ചടിച്ചു. ഒരു സമിതിയുമില്ലാതെ എൽ.ഡി.എഫിന്റെ ഏരിയ, ലോക്കൽ കമ്മിറ്റികളാണ് ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കിയതെന്നും ഇതിൽ വ്യാപക അപാകതകളുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. 10 വർഷം അധികാരത്തിലിരുന്ന സർക്കാർ കാലാവധി തീരുന്ന അവസാന നിമിഷമാണ് ഈ പദ്ധതി കൊണ്ടുവന്നത്. പോകുന്ന പോക്കിൽ വലിയ സാമ്പത്തിക ബാധ്യതകൾ അടുത്ത സർക്കാരിന്റെ തലയിൽ കെട്ടിവെക്കുകയാണ് മുൻ സർക്കാർ ചെയ്തത്. 16 മാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശികയുടെ ബാധ്യതയും ഈ സർക്കാരിന്റെ തലയിലാണെന്നും ഗുണഭോക്തൃ ലിസ്റ്റ് വിശദമായി പഠിച്ച ശേഷമേ പദ്ധതിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ എന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.
തദ്ദേശ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ കൃത്യമായ മാനദണ്ഡങ്ങളോടെയും ‘കെ-സ്മാർട്ട്’ വഴിയുമാണ് മുൻ സർക്കാർ അപേക്ഷകൾ സ്വീകരിച്ചതെന്ന് എ.സി. മൊയ്തീൻ മുഖ്യമന്ത്രിയുടെ വാദങ്ങളെ പ്രതിരോധിച്ചു. ഈ ലിസ്റ്റിൽ യു.ഡി.എഫ്. ഭരിക്കുന്ന പഞ്ചായത്തുകളും ഉൾപ്പെട്ടിട്ടുണ്ടെന്നും ഉദ്ഘാടനത്തിന് എത്രയോ മുൻപ് തന്നെ ഔദ്യോഗിക നടപടികൾ തുടങ്ങിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, സ്ത്രീകൾക്കായുള്ള യഥാർത്ഥ പ്രതിബദ്ധത കൊണ്ടാണ് നിലവിലെ സർക്കാർ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ‘പ്രിയദർശിനി സൗജന്യ യാത്ര’ പദ്ധതി പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു.
അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. സ്ത്രീ സുരക്ഷ പെൻഷൻ അട്ടിമറിക്കാനുള്ള ശ്രമം മുഖ്യമന്ത്രിയെപ്പോലൊരാളിൽ നിന്ന് ഉണ്ടാകേണ്ട നിലപാടല്ലെന്ന് അദ്ദേഹം വിമർശിച്ചു. തദ്ദേശ സ്ഥാപനങ്ങൾ അംഗീകരിച്ച ഗുണഭോക്താക്കൾക്കാണ് മുൻ സർക്കാർ ധനസഹായം അനുവദിച്ചത്. പദ്ധതി തുടരാൻ കഴിയുമെന്ന് ഇപ്പോഴും വ്യക്തമാക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. 16 ലക്ഷത്തോളം ഗുണഭോക്താക്കളുള്ള പദ്ധതിയാണിതെന്നും പാവപ്പെട്ട സ്ത്രീകളോട് സർക്കാർ വീറും വാശിയും കാണിക്കരുതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിപക്ഷം കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.
Heated Debates in Assembly Over Women Security Scheme; Pinarayi Vijayan Slams Government for Halting Welfare Project















