ലീഗിന് വിദ്യാഭ്യാസ വകുപ്പില്ല, പകരം ആരോഗ്യം നൽകിയേക്കും; ആഭ്യന്തരവും ധനകാര്യവുമടക്കം പ്രധാന മന്ത്രിസ്ഥാനങ്ങളെല്ലാം കോൺഗ്രസിന്, ചർച്ചകൾ ഉടൻ തുടങ്ങും

ന്യൂഡൽഹി: സംസ്ഥാന മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വം ഉടൻ ഘടകകക്ഷികളുമായി ചർച്ചകൾ ആരംഭിക്കും. പ്രധാന വകുപ്പുകളുടെ വകമാറ്റം സംബന്ധിച്ചും ആശയവിനിമയം നടക്കും. വിദ്യാഭ്യാസ വകുപ്പ് മുസ്ലിം ലീഗിൽ നിന്ന് ഏറ്റെടുക്കണമെന്ന ആവശ്യം കോൺഗ്രസിനുള്ളിൽ ശക്തമായിട്ടുണ്ട്. പകരമായി ആരോഗ്യ വകുപ്പ് ലീഗിന് നൽകാൻ സാധ്യതയുണ്ട്. ആഭ്യന്തരം, ധനകാര്യം, റവന്യൂ, വനം, ദേവസ്വം, ഊർജം, ടൂറിസം തുടങ്ങിയ പ്രധാന വകുപ്പുകൾ കോൺഗ്രസ് കൈവശം വയ്ക്കാനാണ് സാധ്യത. വ്യവസായം, തദ്ദേശസ്വയംഭരണം, പൊതുമരാമത്ത് എന്നീ വകുപ്പുകൾ മുസ്ലിം ലീഗ് ഉറപ്പിച്ചുവെന്നാണ് വിവരം.2011-ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ഐടി വകുപ്പ് മുസ്ലിം ലീഗിന് നൽകിയിരുന്നുവെങ്കിലും, ഇത്തവണ അത് കോൺഗ്രസ് തന്നെ കൈവശം വയ്ക്കണമെന്ന നിലപാട് ശക്തമാണ്. ജലസേചനം, കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യ-സിവിൽ സപ്ലൈസ്, ഫിഷറീസ്, തൊഴിൽ, ഗതാഗതം തുടങ്ങിയ വകുപ്പുകൾ മറ്റ് ഘടകകക്ഷികൾക്ക് നൽകാനാണ് ആലോചന. പുതിയ മന്ത്രിസഭയിൽ മുഖ്യമന്ത്രി ഉൾപ്പെടെ 12 മന്ത്രിമാർ കോൺഗ്രസിൽ നിന്നായിരിക്കും. സ്പീക്കർ സ്ഥാനവും കോൺഗ്രസിന് ലഭിക്കും. മുസ്ലിം ലീഗിന് നാല് മന്ത്രിസ്ഥാനം കൂടാതെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകാൻ സാധ്യതയുണ്ട്. എന്നാൽ അഞ്ചാം മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് ലീഗ് സമ്മർദ്ദം ചെലുത്തുമോ എന്ന ആശങ്ക കോൺഗ്രസിനുണ്ട്. അങ്ങനെ സംഭവിച്ചാൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകാതെ അഞ്ചാം മന്ത്രിസ്ഥാനം അനുവദിക്കാനാണ് സാധ്യത. കേരള കോൺഗ്രസിന് (ജോസഫ് വിഭാഗം) ഒരു മന്ത്രിസ്ഥാനം കൂടാതെ ചീഫ് വിപ്പ് സ്ഥാനവും ലഭിച്ചേക്കും. ആർഎസ്പിക്ക് ഒരു മന്ത്രിസ്ഥാനം ലഭിക്കും. ഓരോ സീറ്റിൽ വിജയിച്ച കേരള കോൺഗ്രസ് (ജേക്കബ്), ആർഎംപി, സിഎംപി തുടങ്ങിയ പാർട്ടികളും മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ സാധ്യതയുണ്ട്. വിജയിച്ച നാല് സ്വതന്ത്രരിൽ ചിലരും മന്ത്രിസ്ഥാനം ലക്ഷ്യമിടുന്നുണ്ട്. ചെറിയ കക്ഷികൾക്കും സ്വതന്ത്രർക്കും ടേം അടിസ്ഥാനത്തിൽ അവസരം നൽകുന്നതിനെക്കുറിച്ചും കോൺഗ്രസ് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

More Stories from this section

family-dental
witywide