പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം പുനഃപരിശോധിക്കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി; ഡിആർഎം ഓഫീസിൽ കേരളത്തിന്‍റെ പ്രതിഷേധം ഇരമ്പി

പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് മംഗളൂരു സ്റ്റേഷൻ ഉൾപ്പെടെയുള്ള പ്രമുഖ ഭാഗങ്ങൾ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ നീക്കത്തിനെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ കേന്ദ്രത്തിന് കത്തയച്ചു. ബോർഡിന്റെ ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത്. കേരളത്തിന്റെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തെയും ഭാവി വികസന സാധ്യതകളെയും ദോഷകരമായി ബാധിക്കുന്ന പ്രസ്തുത നീക്കത്തിൽ, സംസ്ഥാന സർക്കാരുമായി യാതൊരു കൂടിയാലോചനയും റെയിൽവേ ബോർഡ് നടത്തിയിട്ടില്ലെന്ന് കത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം.

അതേസമയം പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ഇരമ്പുകയാണ്. ഡി ആർ എം ഓഫീസിലേക്ക് ഡി വൈ എഫ് ഐയും യൂത്ത് കോൺഗ്രസും നടത്തിയ പ്രതിഷേധ മാർച്ചുകൾ സംഘർഷത്തിൽ കലാശിച്ചു. ഒലവക്കോട് ഡി ആർ എം ഓഫീസിന്റെ ഗേറ്റുകൾ ഉപരോധിച്ച ഡി വൈ എഫ് ഐ പ്രവർത്തകർ പൊലീസിന്റെ പ്രതിരോധം തകർത്ത് കവാടത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ജീവനക്കാരെ അകത്തേക്ക് കടത്തിവിടാതിരുന്നതിനെ തുടർന്ന് ചിലർ മതിൽ ചാടിയാണ് ഓഫീസിനുള്ളിൽ കടന്നത്. രണ്ടര മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. അതിനിടെ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡി ആർ എം ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിലും സംഘർഷമുണ്ടായി. പൊലീസ് തടഞ്ഞതിനെ തുടർന്ന് പ്രവർത്തകർ മതിൽ ചാടി അകത്തു കടക്കുകയായിരുന്നു. പ്രതിഷേധ സമരം വി കെ ശ്രീകണ്ഠൻ എം പി ഉദ്ഘാടനം ചെയ്തു.

Kerala CM Writes to PM Requesting Reconsideration of Palakkad Railway Division Bifurcation

More Stories from this section

family-dental
witywide