
കൊച്ചി: കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന കുട്ടികളുടെ ജുവനൈൽ കേസുകളിലെ പ്രായപരിധി 18 വയസ്സിൽ നിന്നും 16 വയസ്സാക്കി കുറയ്ക്കുന്ന കാര്യം പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി. നിലവിലെ സാഹചര്യം വിലയിരുത്തുമ്പോൾ 16 വയസ്സിൽ കുട്ടികൾക്ക് മതിയായ മാനസിക വളർച്ചയും പക്വതയും കൈവരുന്നുണ്ടെന്നാണ് വ്യക്തമാകുന്നതെന്ന് കോടതി നിരീക്ഷിച്ചു. പ്രായപരിധി എന്നത് കേസുകളിൽ നിന്ന് രക്ഷപ്പെടാനുള്ള പഴുതായി മാറുന്നുണ്ടെന്നും, ഇതുമൂലം പല കേസുകളിലും കർശന നടപടിയെടുക്കാൻ കഴിയാതെ പോകുകയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വൈകാരികമായി നടപടികളെടുക്കാൻ കോടതിക്ക് കഴിയില്ലെന്നും, കാലാനുസൃതമായി ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുന്നത് നിയമനിർമ്മാണ സഭകൾ ആലോചിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
23 വയസ്സിന് താഴെയുള്ളവർക്ക് മദ്യം വിളമ്പുന്നതും വിൽക്കുന്നതും കർശനമായി തടയണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവർത്തകൻ വിനോദ് വിക്രമൻ പിള്ള സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. കേരള അബ്കാരി നിയമത്തിലെ സെക്ഷൻ 15A, 15B എന്നിവ പ്രകാരം 23 വയസ്സിന് താഴെയുള്ളവർക്ക് മദ്യം നൽകുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും ബാറുകളിലും മറ്റും ഇത് വ്യാപകമായി ലംഘിക്കപ്പെടുകയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
18 വയസ്സിന് താഴെയുള്ളവർ മദ്യപിച്ച് വാഹനമോടിച്ചുണ്ടായ മാരകമായ അപകടങ്ങൾ കോടതി പരാമർശിച്ചു. നെടുമ്പാശ്ശേരിയിൽ 19-കാരൻ മദ്യപിച്ച് കാറോടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ച സംഭവവും ഹർജിയിൽ ഉന്നയിച്ചിരുന്നു. നേരത്തെ തിരുവനന്തപുരം പാങ്ങപ്പാറയിൽ 17 വയസ്സുകാരനെ മറ്റൊരു 17-കാരൻ കൊലപ്പെടുത്തിയ കേസടക്കം റിപ്പോർട്ട് ചെയ്യപ്പെട്ട വേളയിലും ജുവനൈൽ പ്രായപരിധി കുറയ്ക്കണമെന്ന ആവശ്യം വലിയ രീതിയിൽ ചർച്ചയായിരുന്നു.
Kerala High Court Suggests Considering Lowering Juvenile Age Limit from 18 to 16













