
കൊച്ചി: ക്ഷേത്രങ്ങളിലെ കൊടിമരം മാറ്റി സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള ആചാരപരമായ ചടങ്ങുകൾക്ക് ശേഷം മാറ്റപ്പെടുന്ന വാജിവാഹനങ്ങളും മറ്റു ലോഹവസ്തുക്കളും തന്ത്രിമാർക്ക് അവകാശപ്പെട്ടതാണെന്ന് കരുതാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ദൈവത്തിനായി സമർപ്പിക്കപ്പെടുന്ന സ്വത്തുക്കൾ ദേവതയുടേതാണെന്നും, പൂജാകർമങ്ങൾ നിർവഹിക്കുന്നു എന്നതുകൊണ്ട് മാത്രം തന്ത്രിമാർക്ക് അതിൽ യാതൊരുവിധ ഉടമസ്ഥാവകാശവും ലഭിക്കുന്നില്ലെന്നും കോടതി വിധിച്ചു. അഖില തന്ത്രി പ്രചാരക സഭയുടെ ഭാരവാഹികൾ നൽകിയ റിട്ട് ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ ഈ സുപ്രധാന വിധി.
പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിക്കുമ്പോൾ അതിനുമുകളിൽ ഉണ്ടായിരുന്ന ദൈവത്തിന്റെ വാഹനം പോലുള്ള ലോഹവസ്തുക്കൾ തന്ത്രിക്ക് ദാനമായോ അല്ലാതെയോ ലഭിക്കാൻ അർഹതയുണ്ടെന്നായിരുന്നു ഹർജിക്കാർ വാദിച്ചത്. തന്ത്രസമുച്ചയം എന്ന ആചാരഗ്രന്ഥത്തിലെ വിധിപ്രകാരമുള്ള ഈ പാരമ്പര്യ അവകാശം തടയാൻ ദേവസ്വം ബോർഡിന് അധികാരമില്ലെന്നും അവർ വാദിച്ചിരുന്നു. എന്നാൽ തന്ത്രിമാരുടെ സംഘടനയുടെ നിവേദനം പരിഗണിച്ചാണ് 2012-ൽ ദേവസ്വം കമ്മിഷണർ സർക്കുലർ പുറത്തിറക്കിയതെന്നും, ദേവചൈതന്യം എടുത്തുമാറ്റിയ ഭൗതിക വസ്തുക്കൾ പൊതുസ്വത്തായതിനാൽ അവ ദേവസ്വത്തിന്റെ സ്വത്തായി സൂക്ഷിക്കണമെന്നാണ് മാന്വൽ വ്യവസ്ഥ ചെയ്യുന്നതെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.
ക്ഷേത്രഭരണത്തിലെ ആചാരപരവും മതപരവുമായ കാര്യങ്ങളിൽ തന്ത്രിക്ക് അധികാരമുണ്ടെങ്കിലും, അത് ദൈവത്തിന്റെ സ്വത്ത് സ്വന്തമാക്കാനോ വിനിയോഗിക്കാനോ ഉള്ള അവകാശമായി വ്യാഖ്യാനിക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. മതപരമായ ചടങ്ങുകൾ നടത്തുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമുള്ള അധികാരത്തെ, ദൈവത്തിന്റെ സ്വത്ത് കൈകാര്യം ചെയ്യാനുള്ള അവകാശത്തിൽ നിന്നും വേറിട്ടു കാണണം. സ്വത്ത് കൈകാര്യം ചെയ്യുന്നതുകൊണ്ട് മാത്രം പൂജാരിക്ക് അതിൽ ഉടമസ്ഥാവകാശം ലഭിക്കില്ലെന്നും, ദൈവത്തിന്റെ സ്വത്ത് പരിപാലിക്കാൻ ചുമതലപ്പെടുത്തപ്പെട്ട വ്യക്തി മാത്രമാണ് പൂജാരിയാണെന്നും സുപ്രീം കോടതി മുൻ ഉത്തരവുകൾ ഉദ്ധരിച്ച് ഹൈക്കോടതി വ്യക്തമാക്കി.
ഹർജിക്കാർ ഉന്നയിക്കുന്ന സർക്കുലർ 2012-ൽ പുറത്തിറക്കിയതാണെന്നും കഴിഞ്ഞ പതിനാലു വർഷമായി അതിലെ മാർഗനിർദേശങ്ങൾ കൃത്യമായി പാലിച്ചുവരുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. സർക്കുലറിൽ ഇടപെടാൻ തക്കതായ കാരണങ്ങളൊന്നും ഇല്ലാത്തതിനാലും, തന്ത്രസമുച്ചയത്തിലെ കുറിപ്പുകൾ മാത്രം അടിസ്ഥാനമാക്കി തന്ത്രിമാർക്ക് ഉടമസ്ഥാവകാശം ഉന്നയിക്കാനാകില്ലെന്നും വ്യക്തമാക്കിയാണ് കോടതി ഹർജി തള്ളിയത്.
Vaji Vahanam Does Not Belong to Tantri; Kerala High Court Rules Devaswom Properties Belong Solely to Deities













