തർക്കത്തിനിടെ ഒരേ വേദിയിൽ മുഖ്യമന്ത്രിയും കെ എസ് യു പ്രസിഡന്റും, കണ്ടില്ലെന്ന് നടിച്ച് സതീശൻ, മുഖം കൊടുക്കാതെ മടങ്ങി; വിഷമം ഉണ്ടെന്ന് അലോഷ്യസ്

കൊച്ചി: ഹൈക്കോടതി പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും കെ.എസ്.യുവും തമ്മിൽ തർക്കം നിലനിൽക്കുന്നതിനിടെ, മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറും ഒരേ വേദിയിലെത്തി. കൊച്ചി എസ്.എച്ച് കോളേജിലെ പരിപാടിയിലാണ് ഇരുവരും പങ്കെടുത്തത്. എന്നാൽ വേദിയിൽ സംസാരിച്ചതിന് ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രി, തന്നെ കാണാൻ കാത്തുനിന്ന അലോഷ്യസ് സേവ്യർക്ക് മുഖം കൊടുക്കാതെ മടങ്ങുകയായിരുന്നു. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് സതീശൻ താൻ പഠിച്ച കലാലയത്തിലെത്തുന്നത്.

ഹൈക്കോടതി പ്ലീഡർ നിയമനത്തിൽ മുൻ എസ്.എഫ്.ഐ പ്രവർത്തകയെ നിയമിച്ചതിനെതിരെ അലോഷ്യസ് സേവ്യർ പരസ്യ വിമർശനം ഉന്നയിച്ചതാണ് തർക്കത്തിന് കാരണമായത്. സംഘടനയ്ക്ക് വേണ്ടി ചോരയൊഴുക്കിയവരെ ഒഴിവാക്കി വഴിയിൽ കൂടി പോകുന്നവരെ ചുമക്കേണ്ട ബാധ്യത യു.ഡി.എഫ് സർക്കാരിനില്ലെന്നും, കരയുന്ന പിള്ളയ്ക്കേ ചോറുള്ളൂ എന്ന അവസ്ഥ വന്നതിനാലാണ് പ്രതികരിച്ചതെന്നും അലോഷ്യസ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനോട് ‘പ്ലീഡർ നിയമനത്തിൽ കെ എസ് യു വിന് എന്ത് കാര്യം’ എന്ന പരിഹാസത്തോടെയായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്.

മുഖ്യമന്ത്രി മുഖം തന്നില്ലെങ്കിലും തെറ്റ് ചൂണ്ടിക്കാണിക്കുന്നത് തുടരുമെന്ന് അലോഷ്യസ് സേവ്യർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. കെ.എസ്.യുക്കാരുടെ ചോരയും നീരുമാണ് ഈ സർക്കാരെന്നും, പ്രവർത്തകരുടെ വികാരം ഉൾക്കൊള്ളുകയാണ് തന്റെ രാഷ്ട്രീയമെന്നും അദ്ദേഹം വ്യക്തമാക്കി. കാണാൻ പറ്റാത്തത് തെറ്റായി കാണുന്നില്ലെന്നും ഇനിയും മുഖ്യമന്ത്രിയെ കാണാൻ ശ്രമിക്കുമെന്നും അലോഷ്യസ് കൂട്ടിച്ചേർത്തു. വിഷമം ഉണ്ടെന്നും മജ്ജയും മാംസവുമുള്ള മനുഷ്യനല്ലേ എന്നും കെ എസ് യു അധ്യക്ഷൻ വിവരിച്ചു.

Tension Escalates: CM Satheesan Ignores KSU Leader Aloysius Xavier at Same Event

More Stories from this section

family-dental
witywide