മഴക്കെടുതിയിൽ സംസ്ഥാനത്ത് 28 മരണം; മൂന്ന് പേരെ കാണാനില്ല, കുട്ടനാട്ടിൽ ദുരിതം തുടരുന്നു

സംസ്ഥാനത്ത് ശക്തമായ മഴക്കെടുതികളിൽ രണ്ട് രക്ഷാപ്രവർത്തകർ അടക്കം ഇതുവരെ 28 പേർ മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു. ദുരന്തത്തിൽ സംസ്ഥാനത്താകെ 58 വീടുകൾ പൂർണ്ണമായും 687 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. മഴയുടെ ശക്തി കുറഞ്ഞെങ്കിലും മധ്യകേരളത്തിൽ പ്രളയദുരിതം ഒഴിയാതെ തുടരുകയാണ്. കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിലും അപ്പർ കുട്ടനാട്, തിരുവല്ല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി നിലനിൽക്കുന്നു. അഞ്ഞൂറോളം ദുരിതാശ്വാസ ക്യാമ്പുകളിലായി ഇരുപത്തിയേഴായിരത്തോളം ആളുകളാണ് നിലവിൽ താമസിക്കുന്നത്. എ.സി. റോഡ്, എം.സി. റോഡ്, തിരുവല്ല-അമ്പലപ്പുഴ റോഡ്, തിരുവല്ല-കായംകുളം റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ടുണ്ടെങ്കിലും ഗതാഗതം ഭാഗികമായി നിയന്ത്രണങ്ങളോടെ പുനഃസ്ഥാപിച്ചിട്ടുണ്ട്.

പമ്പാ നദിയിലെ ജലനിരപ്പ് താഴ്ന്നതോടെ പത്തനംതിട്ട ജില്ലയിലെ പ്രളയഭീതിക്ക് ആശ്വാസമായിട്ടുണ്ട്. വെള്ളം ഇറങ്ങിത്തുടങ്ങിയ ഇടങ്ങളിൽ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. എന്നാൽ കിഴക്കൻ വെള്ളത്തിന്റെ ഒഴുക്ക് ശക്തമായത് കുട്ടനാടൻ മേഖലയെ വീണ്ടും ദുരിതത്തിലാക്കി. തോട്ടപ്പള്ളി സ്പിൽവേയിലൂടെ വെള്ളം കടലിലേക്ക് ഒഴുകിപ്പോകുന്നതിന്റെ വേഗത കുറഞ്ഞതാണ് കുട്ടനാട്ടിലെ സ്ഥിതി സങ്കീർണ്ണമാക്കുന്നത്. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ കിടങ്ങറയിലും മങ്കൊമ്പിലും പരിസരപ്രദേശങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്.

അതേസമയം എറണാകുളം ജില്ലയിൽ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി 21 കുടുംബങ്ങളിലെ 57 പേർ താമസിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. 20 പുരുഷന്മാരും 27 സ്ത്രീകളും 10 കുട്ടികളും ഇതിൽ ഉൾപ്പെടുന്നു. കോതമംഗലം, കുന്നത്തുനാട് താലൂക്കുകളിൽ രണ്ട് വീതവും മൂവാറ്റുപുഴയിൽ ഒന്നും ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്.

Monsoon Havoc in Kerala: Death Toll Rises to 28, Kuttanad Still Submerged

More Stories from this section

family-dental
witywide