ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങും, പ്രഖ്യാപിച്ച് ഷെയ്ഖ് ഹസീന; തന്നെ രാജ്യത്തുനിന്ന് വേർപെടുത്താനാകില്ലെന്ന് പ്രഖ്യാപനം

വരുന്ന ഡിസംബറിൽ താൻ ബംഗ്ലാദേശിലേക്ക് തിരികെ പോകുമെന്നും തന്നെയൊരിക്കലും രാജ്യത്ത് നിന്ന് അടർത്തി മാറ്റാനാകില്ലെന്നും മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഇന്ത്യയിലിരുന്ന് ബംഗ്ലാദേശ് ജനതയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു ഹസീനയുടെ പ്രഖ്യാപനം. ബംഗ്ലാദേശിലേക്ക് തിരികെ പോകുന്ന കൃത്യമായ തീയതിയും സമയവും വൈകാതെ പരസ്യമാക്കുമെന്നും, നിലവിൽ രാജ്യത്ത് നടക്കുന്നത് വിദ്യാർത്ഥി പ്രക്ഷോഭമല്ല മറിച്ച് അധികാരമാറ്റത്തിന് വേണ്ടിയുള്ള വലിയൊരു ഗൂഢാലോചനയാണെന്നും അവർ ആരോപിച്ചു.

വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിച്ച് അക്രമത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്ന് ഇടക്കാല സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനൂസ് തന്നെ സമ്മതിച്ചിട്ടുണ്ടെന്ന് ഹസീന ചൂണ്ടിക്കാട്ടി. രാജ്യത്തെ സ്ഥാപനങ്ങളും ആശുപത്രികളും തകർക്കുകയും ജയിലുകളിൽ നിന്ന് കുറ്റവാളികളെ മോചിപ്പിക്കുകയും ചെയ്ത അക്രമികൾ, തന്റെ പാർട്ടിയായ അവാമി ലീഗിലെ നേതാക്കളെ വധിക്കുകയും ചെയ്തതായി അവർ പറഞ്ഞു. രാജ്യത്ത് ജനാധിപത്യ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്നും അവാമി ലീഗിന് ഏർപ്പെടുത്തിയ നിരോധനം നീക്കണമെന്നും അവർ ആവശ്യപ്പെട്ടു.

നിലവിലെ ഭരണത്തിന് കീഴിൽ ബംഗ്ലാദേശിന്റെ സാമ്പത്തിക മേഖലയും ജിഡിപിയും തകർന്നടിയുകയാണെന്നും ജനങ്ങൾ കടുത്ത ദുരിതത്തിലാണെന്നും ഹസീന വിമർശിച്ചു. താൻ മുൻപും ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്നും ഏത് കള്ളക്കേസുകളിൽ കുടുക്കാൻ ശ്രമിച്ചാലും ജന്മനാട്ടിലേക്ക് തിരികെ എത്തുമെന്ന നിലപാടിൽ മാറ്റമില്ലെന്നും അവർ വ്യക്തമാക്കി. അതേസമയം, ഇന്ത്യയിൽ ഹസീന പൂർണ്ണ സുരക്ഷിതയാണെന്ന് അറിയിച്ച മകൻ സജീബ് വാസെദ് നരേന്ദ്ര മോദി സർക്കാരിന് നന്ദി രേഖപ്പെടുത്തി.

Sheikh Hasina vows to return to Bangladesh in December says she cannot be detached from country

More Stories from this section

family-dental
witywide