
ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോമിന്റെ പി.എച്ച്.ഡി. ബിരുദ പ്രബന്ധം പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ച് കേരള സർവ്വകലാശാല. പ്രബന്ധത്തിൽ ഗുരുതരമായ പിഴവുകളോ ക്രമക്കേടുകളോ ഉണ്ടോയെന്ന് നാലംഗ ഉപസമിതി വിശദമായി പരിശോധിക്കും. ഇന്ന് ചേർന്ന സർവ്വകലാശാല സിൻഡിക്കേറ്റ് യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. സിൻഡിക്കേറ്റിലെ ഇടത് അംഗങ്ങൾ തീരുമാനത്തെ ശക്തമായി എതിർത്തുവെങ്കിലും നടപടിയുമായി മുന്നോട്ട് പോകാനാണ് സിൻഡിക്കേറ്റ് തീരുമാനം.
കേരള സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം ആർ.എസ്. ശശികുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിലവിലെ പരിശോധന. ‘നവലിബറൽ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമകളുടെ പ്രത്യയശാസ്ത്ര അടിത്തറ’ എന്ന വിഷയത്തിൽ ചിന്ത സമർപ്പിച്ച പ്രബന്ധത്തിന് 2021-ലാണ് സർവ്വകലാശാല പി.എച്ച്.ഡി. നൽകിയത്. എന്നാൽ ചങ്ങമ്പുഴയുടെ പ്രശസ്തമായ ‘വാഴക്കുല’ എന്ന കവിത വൈലോപ്പിള്ളിയുടേതാണെന്ന് രേഖപ്പെടുത്തിയതും വൈലോപ്പിള്ളിയുടെ പേരിൽ അക്ഷരത്തെറ്റ് വരുത്തിയതും ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവന്നതോടെ പ്രബന്ധം വലിയ വിവാദങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരുന്നു.
പരാതിയിന്മേൽ ഉപസമിതി നടത്തുന്ന പരിശോധനയിൽ ക്രമക്കേടുകളോ കോപ്പിയടിയോ കണ്ടെത്തിയാൽ ചിന്ത ജെറോമിന്റെ പി.എച്ച്.ഡി. ബിരുദം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത തുടർനടപടികളിലേക്ക് സർവ്വകലാശാല കടക്കും. കൂടാതെ പ്രബന്ധത്തിൽ ഇത്തരം ഗുരുതര പിശകുകൾ ഉണ്ടയിട്ടും അത് കണ്ടെത്താതെ അംഗീകാരം നൽകിയ ഗവേഷണ മാർഗ്ഗദർശിയായ അധ്യാപകനെതിരെയും മൂല്യനിർണ്ണയം നടത്തിയവർക്കെതിരെയും നടപടിയുണ്ടാകും.
Kerala University Forms Panel to Re-examine Chintha Jerome’s PhD Thesis













