വർഗീയ ശക്തികൾക്കും ഇഡിക്കുമെതിരെ പോരാട്ടം ശക്തമാകും, തിരുത്തലുകൾ വിവരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി; ‘എനിക്ക് നേരെയും വിമർശനം ഉയർന്നു’

വർഗീയ ശക്തികൾക്കും കേന്ദ്ര ഏജൻസികൾക്കുമെതിരെ ശക്തമായ പോരാട്ടം സംഘടിപ്പിക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോഴിക്കോട്ട് ചേർന്ന സി.പി.എം. വിശാല യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ മൂന്ന് പ്രമേയങ്ങൾ അംഗീകരിച്ചതായി വ്യക്തമാക്കിയ അദ്ദേഹം, പാർട്ടിയെ തകർക്കാൻ മാധ്യമങ്ങളെക്കൂട്ടി ചേർത്ത് ഇ.ഡി. നടത്തുന്ന കള്ളപ്രചാരണങ്ങൾക്കെതിരെ ശക്തമായി നിലയുറപ്പിക്കുമെന്നും ഇ.ഡിയുടെ നടപടികൾക്കെതിരെ അതിശക്തമായ പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും അറിയിച്ചു.

പാർട്ടിയിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങളെയും ശാസനയെയും കുറിച്ചുള്ള ചോദ്യങ്ങളോട്, അത് സംഘടനാപരമായ കാര്യങ്ങളാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. താൻ ഉൾപ്പെടെയുള്ളവർക്ക് പറ്റിയ തെറ്റുകൾ ചർച്ച ചെയ്തിട്ടുണ്ടെന്നും എല്ലാ അർത്ഥത്തിലുമുള്ള തെറ്റുതിരുത്തൽ പ്രക്രിയയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മാസം കൂടുമ്പോൾ കീഴ്ഘടകങ്ങളിൽ അവലോകനം നടത്തുമെന്നും ആറുമാസത്തെ പ്രവർത്തനങ്ങൾ സംസ്ഥാന കമ്മിറ്റി വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും പ്രധാന സംഘടനാ മാറ്റങ്ങൾ വരുത്താനും യോഗം തീരുമാനിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി.പി. രാമകൃഷ്ണൻ, തോമസ് ഐസക് എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി. ഇവർക്ക് പകരം പി. ജയരാജൻ, എം.ബി. രാജേഷ്, വി. ശിവൻകുട്ടി എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ഉൾപ്പെടുത്തി.

പാർട്ടി സംസ്ഥാന സമിതിയിലേക്ക് ഒമ്പത് പേരെ പുതുതായി ക്ഷണിതാക്കളായി ഉൾപ്പെടുത്തിയിട്ടുണ്ട്. എം. വിജിൻ, ജെയ്ക് സി. തോമസ്, പി.എസ്. സഞ്ജീവ്, ആദർശ് എം. സജി, എം. ശിവപ്രസാദ്, പ്രഭാവർമ്മ, ഒ.എസ്. അംബിക, എൻ. സുകന്യ, സുബൈദ ഇസഹാഖ് എന്നീ യുവനേതാക്കളും മുതിർന്ന പ്രതിനിധികളുമാണ് പട്ടികയിലുള്ളത്. ചൊവ്വാഴ്ച വൈകീട്ട് പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം ചെയ്യുന്ന പൊതുറാലിയോടെ വിശാല സമിതി യോഗം സമാപിക്കും.

CPM to Resist ED and Communal Forces; MV Govindan Announces Organizational Revamp and Course Correction

Also Read

More Stories from this section

family-dental
witywide