കേരളത്തിന്റെ ‘ഇടിച്ചക്ക’ ആഗോള ശ്രദ്ധയിൽ; പുതിയ തലമുറയുടെ വീഗൻ മാംസ വിപ്ലവത്തിൽ മലയാളി രുചി

ഒരിക്കൽ കേരളത്തിലെ വീട്ടുവളപ്പിൽ ആർക്കും വേണ്ടാതെ തൂങ്ങി കിടന്നിരുന്ന ഇടിച്ചക്ക ഇന്ന് അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഭക്ഷണപ്പാത്രങ്ങളിൽ ഇടംപിടിക്കുന്നു. ‘ഇടിച്ചക്ക’ എന്നറിയപ്പെടുന്ന ഇളം ചക്ക, മാംസത്തിന്റെ നാരുകളും ഘടനയും അനുകരിക്കുന്നതുമായ, എന്നാൽ പൂർണമായും സസ്യാഹാരമായ ഒരു ഉൽപ്പന്നമായി മാറി കേരളത്തിന്റെ ഏറ്റവും പ്രതീക്ഷാജനകമായ ഭക്ഷ്യ കയറ്റുമതികളിലൊന്നായി ഉയർന്നു വരികയാണ്.

രുചിയും പരിസ്ഥിതി സൗഹൃദത്വവും ഒരുമിച്ച് ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി ഒരിക്കൽ കേരളത്തിന്റെ അടുക്കളകളിൽ പാചകം ചെയ്തിരുന്ന ഇടിച്ചക്ക ഇന്ന് വിദേശ സൂപ്പർമാർക്കറ്റുകളിൽ ‘റെഡി-ടു-ഈറ്റ്’ ജാക്ക്‌ഫ്രൂട്ട് മീറ്റായി എത്തുന്നു. ലോകമെമ്പാടും മാംസരഹിത ഭക്ഷണങ്ങൾക്ക് ആവശ്യകത ഉയരുന്നതിനിടെ, അന്താരാഷ്ട്ര വിപണിക്കായി ഇടിച്ചക്കയുടെ മാറ്റുകൂട്ടുകയാണ്.

വീഗനിസം ഇനി യൂറോപ്പിലോ അമേരിക്കയിലോ മാത്രം ഒതുങ്ങിയ ഒരു ആശയമല്ല. ആരോഗ്യപരമായ കാരണങ്ങൾ, പരിസ്ഥിതി സംരക്ഷണം, മൃഗക്ഷേമം എന്നിവയെ മുൻനിർത്തി ഇന്ത്യയിലും കൂടുതൽ ആളുകൾ സസ്യാധിഷ്ഠിത ഭക്ഷണരീതിയിലേക്ക് തിരിയുകയാണ്. വീഗൻ ജീവിതശൈലി പിന്തുടരുന്നവർ മാംസവും മുട്ടയും മാത്രമല്ല, പാൽ ഉൽപ്പന്നങ്ങളും മൃഗങ്ങളിൽ നിന്നുള്ള കൊഴുപ്പോ എണ്ണയോ ഉപയോഗിച്ച് നിർമിച്ച ഭക്ഷണങ്ങളും ഒഴിവാക്കുന്നു.

പലർക്കും ഇത് ഭക്ഷണത്തെ കടന്നുള്ള ഒരു ജീവിതദർശനമാണ്. തുകൽ ബാഗുകൾ, ചെരുപ്പുകൾ, കമ്പളി പുതപ്പുകൾ തുടങ്ങി മൃഗങ്ങളിൽ നിന്നുള്ള മറ്റ് ഉൽപ്പന്നങ്ങളും അവർ ഒഴിവാക്കാറുണ്ട്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ വീഗനിസം ആഗോള ഉപഭോക്തൃ പ്രവണതയായി മാറി ഭക്ഷണരീതികളെയും സൂപ്പർമാർക്കറ്റുകളിലെ ഷെൽഫുകളെയും ഭക്ഷ്യ നവീകരണങ്ങളെയും സ്വാധീനിച്ചു.

എന്നിരുന്നാലും, ഒരു വെല്ലുവിളി ഇപ്പോഴും തുടരുന്നു. മാംസം ഒഴിവാക്കുന്ന പലർക്കും അതിന്റെ രുചിയും ഘടനയും ഭക്ഷണാനുഭവവും നഷ്ടപ്പെടുന്നുവെന്ന തോന്നലുണ്ട്. ഇതാണ് സസ്യഘടകങ്ങൾ ഉപയോഗിച്ച് മാംസത്തിന്റെ അനുഭവം പുനഃസൃഷ്ടിക്കുന്ന ‘മോക്ക് മീറ്റ്’ ഉൽപ്പന്നങ്ങളുടെ വളർച്ചയ്ക്ക് വഴിവെച്ചത്. ഏറെക്കാലമായി സോയയാണ് ഈ മേഖലയിൽ പ്രധാന സ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാൽ രുചി, അലർജി പ്രശ്നങ്ങൾ, ആരോഗ്യവുമായി ബന്ധപ്പെട്ട ആശങ്കകൾ എന്നിവ കാരണം പുതിയ പകരക്കാരൻമാർക്ക് സാധ്യതകൾ തുറന്നു.

അവിടെയാണ് കേരളത്തിന്റെ ഇടിച്ചക്ക ശ്രദ്ധാകേന്ദ്രമായത്. നാരുകളായി മുറിച്ച് പ്രത്യേക രീതിയിൽ സംസ്‌കരിക്കുമ്പോൾ ഇളം ചക്കയ്ക്ക് കീറിയ മാംസത്തോട് സാമ്യമുള്ള ഘടനയും രൂപവും ലഭിക്കുന്നു. എന്നാൽ പോഷകഗുണത്തിൽ ഇത് പൂർണമായും വ്യത്യസ്തമാണ്. സ്വാഭാവികമായി സസ്യാധിഷ്ഠിതവും ധാരാളം ഫൈബർ അടങ്ങിയതുമാണ്.

ഇടിച്ചക്കയുടെ സ്വാഭാവികമായ നിഷ്പക്ഷ രുചിയും ഇണങ്ങിച്ചേരുന്ന ഘടനയും കാരണം വിവിധ ഭക്ഷണശൈലികളിൽ ഇത് എളുപ്പത്തിൽ ഉപയോഗിക്കാനാകും. മസാലകളും സോസുകളും സുഗന്ധവ്യഞ്ജനങ്ങളും എളുപ്പത്തിൽ ആഗിരണം ചെയ്യാനുള്ള കഴിവ് ഇതിനെ കൂടുതൽ ആകർഷകമാക്കുന്നു. കൂടുതൽ പ്രകൃതിദത്തമായ മാംസ പകരക്കാരെ തേടുന്ന വിപണികളിൽ ഇത് വലിയ സ്വീകാര്യത നേടുകയാണ്.

കയറ്റുമതിയ്ക്കായി ഇടിച്ചക്കയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന ഒത്തിരി സംരംഭകർ ഇന്ന് കേരളത്തിലുണ്ട്. ‘ഇടിച്ചക്ക ഇറച്ചി’ എന്ന പേരിൽ ജാക്ക്‌ഫ്രൂട്ട് മീറ്റ് ഉൽപ്പന്നങ്ങൾ അമേരിക്കയിലേക്കും യൂറോപ്പിലേക്കും കയറ്റുമതി ചെയ്യുന്നു. റെഡി-ടു-കുക്ക്, റെഡി-ടു-ഈറ്റ് ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വിപുലമായ നിരയിൽ ഇന്ന് ഏറ്റവും ശ്രദ്ധേയമായ കയറ്റുമതി ഉൽപ്പന്നം ജാക്ക്‌ഫ്രൂട്ട് മീറ്റാണ്.

പാശ്ചാത്യ രാജ്യങ്ങളിൽ ബർഗറുകൾ, റാപുകൾ, സാൻഡ്‌വിചുകൾ എന്നിവയുടെ ഫില്ലിംഗായും ഇന്ന് ഇടിച്ചക്ക വ്യാപകമായി ഉപയോഗിക്കുന്നു. കുറഞ്ഞ കൊഴുപ്പും ഉയർന്ന ഫൈബർ അളവും ധാരാളം പോഷകഗുണങ്ങളും ഉള്ളതിനാൽ ആരോഗ്യപരമായും ഇടിച്ചക്കയ്ക്ക് വലിയ മുൻതൂക്കമുണ്ട്. ഇതിലൂടെ മൃഗങ്ങൾക്ക് ഹാനി വരുത്താതെ തന്നെ മാംസത്തിന്റെ പരിചിതമായ രുചിയും അനുഭവവും വീഗൻ ഉപഭോക്താക്കൾക്ക് ആസ്വദിക്കാനാകും.

Kerala’s ‘Idichakka’ in global spotlight; Malayali taste in the new generation’s vegan meat revolution

More Stories from this section

family-dental
witywide