പിണറായി വിജയന് പൂർണ പിന്തുണ പ്രഖ്യാപിച്ച് കെ കെ ശൈലജ; എന്നെ ഒതുക്കാനോ, എവിടെ ഒതുക്കാൻ എന്ന് പ്രതികരണം, തോൽവി പാര്‍ട്ടി പരിശോധിക്കും

കണ്ണൂര്‍: പാര്‍ട്ടി തന്നെ ഒതുക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണങ്ങള്‍ തള്ളി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ. പാര്‍ട്ടി തന്നെ വലിയ സ്ഥാനങ്ങളിലേക്ക് ഉയര്‍ത്തിയിട്ടുണ്ടെന്നും, ഒരു നാട്ടിന്‍പുറത്ത് ജനിച്ചു വളര്‍ന്ന താന്‍ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റിയിലെത്തിയത് തന്നെ വലിയ അംഗീകാരമാണെന്നും അവർ പറഞ്ഞു. പാര്‍ട്ടിയുടെ ഏറ്റവും ഉയര്‍ന്ന തീരുമാനമെടുക്കുന്ന സമിതിയാണ് കേന്ദ്ര കമ്മിറ്റിയെന്നും, അവിടെ അംഗമാകുക ചെറിയ കാര്യമല്ലെന്നും ശൈലജ വ്യക്തമാക്കി. നാല് തവണ എംഎല്‍എയാകാനും ഒരുതവണ മന്ത്രിയാകാനും പാര്‍ട്ടി അവസരം നല്‍കിയിട്ടുണ്ടെന്നും അവർ ഓര്‍മിപ്പിച്ചു.

കഴിഞ്ഞ പത്ത് വര്‍ഷമായി എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ ശ്രദ്ധേയമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും, അഞ്ച് ലക്ഷം വീടുകള്‍ നിര്‍മിച്ചുനല്‍കിയതടക്കമുള്ള പദ്ധതികള്‍ അതിന്റെ ഉദാഹരണമാണെന്നും ശൈലജ പറഞ്ഞു. എന്നാല്‍ തിരഞ്ഞെടുപ്പിലേറ്റ പരാജയം അപ്രതീക്ഷിതവും ഗുരുതരവുമാണെന്ന് അവർ വിലയിരുത്തി. 99 സീറ്റുകളില്‍നിന്ന് സീറ്റുകളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞത് ഗൗരവകരമാണെന്നും, പരാജയത്തിന്റെ കാരണങ്ങള്‍ പാര്‍ട്ടി വിശദമായി പരിശോധിച്ചുവരികയാണെന്നും അവർ വ്യക്തമാക്കി. ആവശ്യമായ തിരുത്തലുകളും മാറ്റങ്ങളും പാര്‍ട്ടി പരിശോധിക്കുമെന്നും അവർ കൂട്ടിച്ചേര്‍ത്തു.

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവായി തുടരുന്നതിനെ കെ കെ ശൈലജ പിന്തുണച്ചു. പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗമായ അദ്ദേഹത്തിന് പ്രതിപക്ഷ നേതൃസ്ഥാനം വഹിക്കുന്നതില്‍ യാതൊരു അസാധാരണത്വവുമില്ലെന്നും അവർ പറഞ്ഞു. പ്രായപരിധിയില്‍ അദ്ദേഹത്തിന് ഇളവ് നല്‍കിയിരുന്നത് മുഖ്യമന്ത്രി സ്ഥാനത്തിരുന്ന സാഹചര്യത്തിലാണെന്നും, ഇനി പ്രതിപക്ഷ നേതാവായി തുടരണമോയെന്നത് പൊളിറ്റ് ബ്യൂറോ തീരുമാനിക്കേണ്ട വിഷയമാണെന്നും ശൈലജ വ്യക്തമാക്കി.

തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്ന പാര്‍ട്ടി നയം അനുസരിച്ച് താനും മാറിനില്‍ക്കേണ്ടതായിരുന്നുവെന്ന് ശൈലജ പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയുടെ പ്രത്യേക തീരുമാനപ്രകാരമാണ് പേരാവൂരില്‍ മത്സരിച്ചതെന്നും, യുഡിഎഫിന്റെ ശക്തികേന്ദ്രമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ അതൊരു പരീക്ഷണമായി ഏറ്റെടുത്തതാണെന്നും അവർ വിശദീകരിച്ചു. അതിനെ ഒതുക്കലായി കാണേണ്ടതില്ലെന്നും, പാര്‍ട്ടിയുടെ കൂട്ടായ തീരുമാനത്തിന്റെ ഭാഗമായാണ് മത്സരിച്ചതെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide