
പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ്ങ് റൂം തുറന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജെഡിടി ഇസ്ലാം സ്കൂളിൽ വരണാധികാരിയുടെ രേഖകൾ സൂക്ഷിച്ചിരുന്ന മെറ്റീരിയൽ റൂം മാത്രമാണ് തുറന്നത്. ഇത് സ്ഥാനാർത്ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലാണെന്നും സീൽ ചെയ്ത മുറിയായിരുന്നില്ല ഇതെന്നും കളക്ടർ വ്യക്തമാക്കി. ഇവിഎമ്മുകളും പോസ്റ്റൽ ബാലറ്റുകളും സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമുകൾ സുരക്ഷിതമാണെന്നും അവ തുറന്നിട്ടില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം എൻകോർ സോഫ്റ്റ്‌വെയറിലെ വിവരങ്ങൾ അന്തിമമായി പരിശോധിക്കുന്നതിനായാണ് മെറ്റീരിയൽ റൂം തുറന്നത്. പ്രിസൈഡിംഗ് ഓഫീസർമാരുടെ ഡയറിയിലെ വിവരങ്ങൾ ഒത്തുനോക്കി അപ്‌ഡേറ്റ് ചെയ്യേണ്ട അവസാന തീയതി ഏപ്രിൽ 20 ആയിരുന്നു. ഈ നടപടിക്രമങ്ങൾക്കായി രാവിലെ 11.15-ന് മുറി തുറക്കുമ്പോൾ എൽഡിഎഫ് പ്രതിനിധി എ.കെ. മുഹ്‌സിൻ, യുഡിഎഫ് പ്രതിനിധി ശഹ്‌സാദ് കെ. എന്നിവർ സ്ഥലത്തുണ്ടായിരുന്നു. പരിശോധനകൾ പൂർത്തിയാക്കി ഉച്ചയ്ക്ക് 1.50-ന് ഇവരുടെ സാന്നിധ്യത്തിൽ തന്നെ മുറി പൂട്ടുകയും ചെയ്തു.
കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ഇവിഎമ്മുകളും വിവിപാറ്റുകളും കേന്ദ്ര നിരീക്ഷകരുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തിൽ സീൽ ചെയ്ത് സൂക്ഷിച്ചിരിക്കുന്നത്. ഈ മുറി വോട്ടെടുപ്പിന് ശേഷം ഇതുവരെ തുറന്നിട്ടില്ല. രണ്ടാം നിലയിലുള്ള മെറ്റീരിയൽ റൂം വരണാധികാരിയുടെ രേഖകൾ സൂക്ഷിക്കാനുള്ളതാണ്. സ്ട്രോങ്ങ് റൂം തുറന്നു എന്ന തരത്തിൽ ഉയർന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്നും തിരഞ്ഞെടുപ്പ് നടപടികൾ സുതാര്യമായാണ് മുന്നോട്ട് പോകുന്നതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
Kozhikode strong room controversy: District Collector clarifies facts; says EVMs are safe














