ആ സ്ഥാനത്ത് എത്തുക അത്ര ലളിതമല്ലെന്ന് വി ഡി സതീശനെ ഓർമ്മിച്ച് മമ്മൂട്ടി, ഈ നേട്ടത്തിൽ സന്തോഷമെന്ന് ചാക്കോച്ചൻ; മുഖ്യമന്ത്രിക്ക് വൻ സ്വീകരണം

കൊച്ചി: മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായി എറണാകുളം ജില്ലയിൽ എത്തിയ വിഡി സതീശന് കൊച്ചി പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ നടൻമാരായ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും പങ്കെടുത്തു. മുഖ്യമന്ത്രിയുടെ വേഷം സിനിമയിൽ അവതരിപ്പിക്കുന്നത് എളുപ്പമാണെങ്കിലും യഥാർത്ഥ ജീവിതത്തിൽ ആ സ്ഥാനത്ത് എത്തുക അത്ര ലളിതമല്ലെന്ന് മമ്മൂട്ടി പറഞ്ഞു. ചടങ്ങിൽ വി ഡി സതീശനെ മമ്മൂട്ടി പൊന്നാട അണിയിച്ചു ആദരിച്ചു. കൊച്ചിക്കാരോടും മലയാളികളോടുമൊപ്പം താനും ഈ നേട്ടത്തിൽ സന്തോഷിക്കുന്നുവെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഭരണമായിരിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ജനങ്ങൾ നൽകിയ വിജയത്തിന് നന്ദിയുണ്ടെന്ന് രമേശ് പിഷാരടി എംഎൽഎ പറഞ്ഞു. കേരളത്തിലെ മൂന്നരക്കോടിയിലധികം ജനങ്ങളുടെ അഭിപ്രായപ്രകടനത്തിന് ശേഷമാണ് വി ഡി സതീശൻ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷമാണിതെന്ന് വി ഡി സതീശൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. അധികാരത്തിന്റെ ആഡംബരങ്ങളിൽ വീഴാതെ മുന്നോട്ട് പോകണമെന്നതാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ദൈവികമായൊരു നിയോഗമാണെന്നും മാറ്റം സൃഷ്ടിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരാൾക്ക് മാത്രം ഒന്നും സാധ്യമല്ല, കൂട്ടായ പ്രവർത്തനത്തിലൂടെയാണ് മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ സാമ്പത്തിക രംഗം ശക്തിപ്പെടുത്തേണ്ടത് പ്രധാന ലക്ഷ്യമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, ധനകാര്യവകുപ്പ് ഏറ്റെടുത്തത് ഒരു വെല്ലുവിളിയായിട്ടാണെന്നും വ്യക്തമാക്കി. സമ്പത്തിന്റെ നീതിപൂർവമായ വിതരണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉയരം കൂടിയ കെട്ടിടങ്ങൾ മാത്രം ഉയരുന്നതല്ല വികസനമെന്നും ജനങ്ങളുടെ ജീവിത നിലവാരത്തിൽ യഥാർത്ഥ മാറ്റം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളം മതനിരപേക്ഷതയിൽ ഉറച്ചു നിൽക്കേണ്ടതുണ്ടെന്നും അതിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ആരും വർഗീയത പ്രചരിപ്പിക്കരുതെന്നും രാജ്യത്തിന് മാതൃകയാകുന്ന നഗരമായി കൊച്ചിയെ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിനിമാ മേഖലയിലും ഈ സർക്കാർ വ്യക്തമായ ഇടപെടൽ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

More Stories from this section

family-dental
witywide