
ന്യൂഡൽഹി: താൻ ബിജെപിലേക്ക് പോകുന്നുവെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തള്ളി മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ്. താൻ ബിജെപിയിലേക്ക് പോകുമെന്നത് വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നും, കഴിഞ്ഞ 50 വർഷമായി ഡൽഹിയിലുള്ള തനിക്ക് രാഷ്ട്രീയഭേദമന്യേ നിരവധി നേതാക്കളുമായി വ്യക്തിപരമായ സൗഹൃദമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.കേരളത്തിൽ യു.ഡി.എഫ് സർക്കാർ അധികാരമേറ്റതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹം കേരള സർക്കാരിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി സ്ഥാനം ഒഴിഞ്ഞത്. പിണറായി വിജയൻ സർക്കാരിൻ്റെ കാലാവധി അവസാനിച്ചതോടെ തൻ്റെ പദവിയും സ്വാഭാവികമായി അവസാനിച്ചതാണെന്ന് അദ്ദേഹം പ്രതികരിച്ചു.
കേരളത്തിൻ്റെ പദവി ഒഴിഞ്ഞതിന് പിന്നാലെ, കെ.വി. തോമസിനെ തമിഴ്‌നാട് സർക്കാരിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ ആലോചനകൾ നടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഡൽഹിയിലെ അദ്ദേഹത്തിൻ്റെ ദീർഘകാലത്തെ പ്രവർത്തന പരിചയവും കേന്ദ്ര നേതാക്കളുമായുള്ള മികച്ച ബന്ധവും കണക്കിലെടുത്താണ് മറ്റ് ചില സംസ്ഥാനങ്ങളും ഈ പദവിയിലേക്ക് അദ്ദേഹത്തെ പരിഗണിക്കുന്നത്.
2022-ൽ പാർട്ടി നിർദ്ദേശം ലംഘിച്ച് എൽ.ഡി.എഫ് കൺവെൻഷനിൽ പങ്കെടുത്തതിനെ തുടർന്ന് അദ്ദേഹം കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ടു. 2023 ജനുവരിയിൽ എൽ.ഡി.എഫ് സർക്കാർ അദ്ദേഹത്തെ ക്യാബിനറ്റ് പദവിയോടെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു.
KV Thomas clarifies that he will not join BJP; hints that he may become Tamil Nadu’s special representative in Delhi















