ഇത് ചരിത്രം: ലോകകപ്പിൽ തുടർച്ചയായി ഏഴാം മത്സരത്തിലും ഗോളടിച്ച് സർവ്വകാല റെക്കോർഡിട്ട് ലിയോണല്‍ മെസി, ജോർദാനെതിരെ അർജൻ്റീനയുടെ തകർപ്പൻ ജയം

ലോകകപ്പിൽ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഗോൾ നേടുന്ന താരമെന്ന ചരിത്രനേട്ടം കീഴടക്കി ലിയോണൽ മെസി. ജോര്‍ദാനെതിരെ ഗോള്‍ നേടിയതോടെ മെസി ഗോൾ നേടുന്ന തുടർച്ചയായ ഏഴാമത്തെ ലോകകപ്പ് മത്സരമാണിത്. ലോകകപ്പിൽ ഫ്രഞ്ച് ഇതിഹാസം ജസ്റ്റ് ഫോണ്ടെയ്ൻ (1958), ബ്രസീലിയൻ ഇതിഹാസം ജെയർസീഞ്ഞോ (1970) എന്നിവരുടെ 6 മത്സരങ്ങളുടെ റെക്കോഡാണ് മെസി മറികടന്നിരിക്കുന്നത്.

2022 ഖത്തർ ലോകകപ്പിലെ പ്രീ-ക്വാർട്ടർ (ഓസ്‌ട്രേലിയ), ക്വാർട്ടർ (നെതർലൻഡ്‌സ്), സെമി (ക്രൊയേഷ്യ), ഫൈനൽ (ഫ്രാൻസ്) എന്നീ മത്സരങ്ങളിലും, ഈ 2026 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലുമാണ് മെസി തുടർച്ചയായി ഗോള്‍ നേടിയത്. ഈ ലോകകപ്പോടെ ബ്രസീലിയൻ വനിതാ താരം മാർത്തയുടെ റെക്കോർഡും മെസി തകർത്തു.

ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകളിൽ പങ്കാളിയായ ബ്രസീലിയൻ ഇതിഹാസം പെലെയുടെ റെക്കോർഡും മെസി നേരത്തെ മറികടന്നിരുന്നു. പെലെ 14 മത്സരങ്ങളിൽ നിന്ന് 12 ഗോളും 9 അസിസ്റ്റും (ആകെ 21) നേടിയപ്പോൾ, മെസി 19 ഗോളും 8 അസിസ്റ്റുമായാണ് (ആകെ 27) മുന്നിലെത്തിയത്. ജോർദാനെതിരെ പകരക്കാരനായി കളത്തിലിറങ്ങിയതോടെ ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിച്ച താരമായും മെസി മാറി. ജോര്‍ദാനെതിരെ മെസിയുടെ 29-ാം ലോകകപ്പ് മത്സരമായിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം 6 ലോകകപ്പുകളിൽ നേരിട്ട് കളത്തിലിറങ്ങുന്ന താരമെന്ന അപൂർവ്വ നേട്ടവും മെസി നേരത്തെ പങ്കിട്ടിരുന്നു.

ലോകകപ്പിന്‍റെ ചരിത്രത്തിൽ ഗ്രൂപ്പ് ഘട്ടം, പ്രീ-ക്വാർട്ടർ, ക്വാർട്ടർ, സെമി, ഫൈനൽ എന്നിങ്ങനെ എല്ലാ ഘട്ടങ്ങളിലും ഗോൾ നേടിയ ഏക കളിക്കാരനെന്ന റെക്കോര്‍ഡും മെസിയുടെ പേരിലാണ്. നിലവിൽ, ഈ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടം അവസാനിക്കുമ്പോള്‍ 6 ഗോളുകളോടെ ടോപ്പ് സ്‌കോറർമാരുടെ പട്ടികയിൽ മെസിയാണ് ഒന്നാമത്. തന്‍റെ കരിയറിൽ ഇതുവരെ ലോകകപ്പിൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കാൻ മെസിക്ക് കഴിഞ്ഞിട്ടില്ല.

ഖത്തർ ലോകകപ്പില്‍ 7 ഗോളുകൾ നേടിയെങ്കിലും ഫൈനലിലെ ഹാട്രിക്ക് അടക്കം 8 ഗോൾ നേടിയ എംബാപ്പെയാണ് ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്. 2006ലെ ആദ്യ ലോകകപ്പില്‍ 1 ഗോൾ നേടിയ മെസിക്ക് 2010ലെ ലോകകപ്പില്‍ ഗോള്‍ നേടാനായിരുന്നില്ല. 2014ൽ 4 ഗോളും 2018ൽ 1 ഗോളും 2022ൽ 7 ഗോളും, 2026ൽ ഇതുവരെ 6 ഗോളുകളുമാണ് മെസി നേടിയത്. 1930-ൽ ഗില്ലെർമോ സ്റ്റാബിലെയും 1978-ൽ മാരിയോ കെമ്പസുമാണ് അർജന്‍റീനയ്ക്കായി ഇതിന് മുൻപ് ഗോൾഡൻ ബൂട്ട് നേടിയത്.

അതേസമയം, ജോർദാനെ 3-1 ന് തകർത്ത് അർജന്റീന ഗ്രൂപ്പ് ഘട്ടം പൂർത്തിയാക്കി. അർജന്റീനയ്ക്കായി ജിയോവാനി ലോ സെൽസോ, ലൗട്ടാരോ മാർട്ടിനെസ്, ലയണൽ മെസ്സി എന്നിവർ ലക്ഷ്യം കണ്ടപ്പോൾ, ജോർദാൻ മൂസ തമരിയിലൂടെ ഒരു ഗോൾ മടക്കി. ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിലേക്ക് കടന്ന അർജന്റീന മയാമിയിൽ നടക്കുന്ന പോരാട്ടത്തിൽ കേപ് വെർഡെയെ നേരിടും.

Lionel Messi sets all-time World Cup record by scoring in seventh consecutive match, leads Argentina to stunning win over Jordan

Also Read

More Stories from this section

family-dental
witywide