
ലോക് പോൾ പുറത്തുവിട്ട ഏറ്റവും പുതിയ പ്രീ-ഇലക്ഷൻ സർവേ റിപ്പോർട്ടുകൾ പ്രകാരം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ വലിയ ഭരണമാറ്റത്തിന് സാധ്യത. നിലവിലെ ഭരണകക്ഷിയായ എൽഡിഎഫിനെ അട്ടിമറിച്ച് യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നാണ് സർവേ പ്രവചിക്കുന്നത്. 140 അംഗ നിയമസഭയിൽ 81 മുതൽ 86 വരെ സീറ്റുകൾ നേടി യുഡിഎഫ് അധികാരം പിടിച്ചെടുക്കുമ്പോൾ, ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൽഡിഎഫ് 51 മുതൽ 59 വരെ സീറ്റുകളിലേക്ക് ചുരുങ്ങുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എൻഡിഎ പൂജ്യം മുതൽ രണ്ട് സീറ്റുകൾ വരെ നേടാമെന്നും 43-45 ശതമാനം വോട്ട് വിഹിതം യുഡിഎഫിന് ലഭിക്കുമെന്നും സർവേ വ്യക്തമാക്കുന്നു.
സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ വൻ വിവാദങ്ങളും അഴിമതി ആരോപണങ്ങളുമാണ് എൽഡിഎഫിന് തിരിച്ചടിയാകുന്നത്. സ്വർണ്ണക്കടത്ത് കേസ് ഉൾപ്പെടെയുള്ള വിഷയങ്ങൾ സർക്കാരിന്റെ വിശ്വാസ്യതയെ കാര്യമായി ബാധിച്ചതായി സർവേ നിരീക്ഷിക്കുന്നു. അതേസമയം, സമുദായ സംഘടനകളുമായുള്ള കോൺഗ്രസിന്റെ സജീവ സമ്പർക്കവും മുസ്ലിം ലീഗിന്റെ രാഷ്ട്രീയ നീക്കങ്ങളും യുഡിഎഫിന് അനുകൂലമായ വോട്ട് ഏകീകരണത്തിന് കാരണമാകും. മലയോര മേഖലയിലെ കർഷകരുടെ അതൃപ്തിയും വന്യജീവി ആക്രമണങ്ങൾ തടയുന്നതിലെ വീഴ്ചയും എൽഡിഎഫിന്റെ വോട്ട് ബാങ്കിൽ വലിയ വിള്ളലുണ്ടാക്കിയതായും ലോക് പോൾ വിലയിരുത്തുന്നു.
തെക്കൻ കേരളത്തിലെ പരമ്പരാഗത എൽഡിഎഫ് വോട്ടർമാരായ സർക്കാർ ജീവനക്കാർ, കശുവണ്ടി തൊഴിലാളികൾ, നെൽകർഷകർ എന്നിവർക്കിടയിൽ വർധിച്ചുവരുന്ന അതൃപ്തി യുഡിഎഫ് വിജയത്തിന് ആക്കം കൂട്ടും. റബ്ബർ വിലത്തകർച്ചയും കർഷക പ്രക്ഷോഭങ്ങളും മലയോര ജില്ലകളിൽ ഇടത് മുന്നണിക്ക് വൻ വോട്ട് ചോർച്ചയുണ്ടാക്കും. ഭരണവിരുദ്ധ വികാരം ശക്തമായ സാഹചര്യത്തിൽ യുഡിഎഫ് വലിയ മുന്നേറ്റം നടത്തുമെന്നാണ് റിപ്പോർട്ട് പറയുന്നത്.
Lok Poll Pre-Election Survey Predicts UDF Victory in Kerala; LDF to Face Setback













