ആഗോളതലത്തിൽ പരിഭ്രാന്തിയെന്ന് ഫ്രഞ്ച് പ്രസിഡന്റിന്റെ മുന്നറിയിപ്പ്; ഊർജ പ്രതിസന്ധി ഭീഷണി, ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കണമെന്ന് മാക്രോൺ

പാരീസ്: ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായുള്ള പ്രവർത്തനങ്ങളിൽ രാജ്യം പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി. ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിലെ അനിശ്ചിതത്വം മൂലമുണ്ടാകുന്ന പരിഭ്രാന്തി ആഗോളതലത്തിൽ തന്നെ വലിയ ഊർജ്ജക്ഷാമത്തിന് വഴിവെച്ചേക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഏഥൻസിൽ ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാക്കിസിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മാക്രോൺ തന്റെ നിലപാട് വ്യക്തമാക്കിയത്. വരും ദിവസങ്ങളിലും ആഴ്ചകളിലും അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് കടലിടുക്ക് പൂർണ്ണമായും തുറന്നുകൊടുക്കുകയാണ് ലക്ഷ്യമെന്നും സമുദ്രയാന സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാൻ യുദ്ധം മാസങ്ങളോളം നീണ്ടുനിന്നാൽ ലോകം വലിയ ഊർജ്ജക്ഷാമത്തിലേക്ക് നീങ്ങുമെന്ന് പ്രമുഖ എണ്ണക്കമ്പനിയായ ടോട്ടൽ എനർജീസിന്റെ സിഇഒ പാട്രിക് പൗയാൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് പ്രസിഡന്റ് മാക്രോണിന്റെ പ്രതികരണം. യുദ്ധം രണ്ട് മൂന്ന് മാസം കൂടി തുടരുകയാണെങ്കിൽ ഊർജ്ജലഭ്യത കുറഞ്ഞ ഒരു ലോകത്തിലേക്കാകും നാം പ്രവേശിക്കുകയെന്നും ഏഷ്യൻ രാജ്യങ്ങൾ ഇതിനകം തന്നെ ഇതിന്റെ ആഘാതം അനുഭവിച്ചു തുടങ്ങിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാരീസിന് പുറത്ത് നടന്ന വേൾഡ് പോളിസി കോൺഫറൻസിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.ലോകത്തെ മൊത്തം എണ്ണ, വാതക വിതരണത്തിന്റെ 20 ശതമാനത്തോളം വരുന്ന ഭാഗം തടസ്സപ്പെടുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് പൗയാൻ വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുന്നത് വിതരണ ശൃംഖലയെ പൂർണ്ണമായും തകർക്കും. ഈ പശ്ചാത്തലത്തിൽ, കടലിടുക്കിലൂടെയുള്ള യാത്രയ്ക്ക് യാതൊരുവിധ നികുതികളും ഏർപ്പെടുത്താതെ ഗതാഗതം പുനഃസ്ഥാപിക്കണമെന്നും അതുവഴി കാര്യങ്ങൾ ക്രമേണ സാധാരണ നിലയിലേക്ക് കൊണ്ടുവരണമെന്നുമാണ് ഫ്രഞ്ച് ഭരണകൂടത്തിന്റെ നിലപാട്. മേഖലയിലെ സംഘർഷം എത്രയും വേഗം അവസാനിപ്പിക്കേണ്ടത് ആഗോള സമ്പദ്‌വ്യവസ്ഥയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണെന്ന് വിദേശകാര്യ വിദഗ്ധരും വിലയിരുത്തുന്നു.

More Stories from this section

family-dental
witywide