
അട്ടപ്പാടി മധു ആൾക്കൂട്ട കൊലപാതകക്കേസിൽ പ്രതികളുടെ ശിക്ഷ വർദ്ധിപ്പിച്ച ഹൈക്കോടതി വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് മധുവിന്റെ കുടുംബം രംഗത്ത്. മണ്ണാർക്കാട് വിചാരണ കോടതി പ്രതികൾക്ക് വിധിച്ച ഏഴ് വർഷത്തെ തടവുശിക്ഷയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ജീവപര്യന്തമായി വർദ്ധിപ്പിച്ചത്. കേസിൽ ഉൾപ്പെട്ട 12 പ്രതികൾക്കാണ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ഹൈക്കോടതിയുടെ ഈ നിർണ്ണായക വിധിയിൽ തങ്ങൾക്ക് വലിയ സന്തോഷമുണ്ടെന്ന് മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും കൊച്ചിയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി. തങ്ങളുടെ പോരാട്ടത്തിൽ ഒപ്പം നിന്ന എല്ലാവർക്കും അവർ നന്ദി അറിയിക്കുകയും ചെയ്തു.
എന്നാൽ, കേസിലെ ഒന്നാം പ്രതിയായ ഹുസൈനെ തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തനാക്കി വെറുതെവിട്ട ഹൈക്കോടതി നടപടിയിൽ കുടുംബം അതൃപ്തി രേഖപ്പെടുത്തി. ഒന്നാം പ്രതിയെ കോടതി വെറുതെവിടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് മധുവിന്റെ അമ്മയും സഹോദരിയും പറഞ്ഞു. ഹുസൈനെ വെറുതെവിട്ട നടപടിക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും ഇതിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്നും മധുവിന്റെ കുടുംബം വ്യക്തമാക്കി.
ശിക്ഷ വിധി ഇപ്രകാരം
രണ്ടാം പ്രതി മരയ്ക്കാർ, മൂന്നാം പ്രതി ശംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി കുരിക്കൾ സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജു മോൻ, 12ാം പ്രതി സജീവ്, 13-ാം പ്രതി സതീഷ്, 14-ാം പ്രതി ഹരീഷ്, 15-ാം പ്രതി ബിജു എന്നിവരുടെ ശിക്ഷയാണ് വർധിപ്പിച്ചത്.16-ാം പ്രതിയുടെ ശിക്ഷ ഒരു വർഷമാക്കി ദീർഘിപ്പിച്ചു. വിചാരണക്കോടതി ഇയാൾക്ക് മൂന്ന് മാസമായിരുന്നു ശിക്ഷ വിധിച്ചിരുന്നത്. അമ്മ മല്ലിക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഹൈക്കോടതി വിധിച്ചിട്ടുണ്ട്.
Madhu lynching case: HC enhances sentence of 12 convicts to life imprisonment; family to appeal against acquittal of 1st accused











