യുഎസ് ഇമിഗ്രേഷൻ നടപടികളിൽ വൻ മാറ്റം: ഗ്രീൻ കാർഡ്, പൗരത്വ അപേക്ഷകർക്ക് ഇനി കർശന എഫ്.ബി.ഐ പരിശോധന

വാഷിംഗ്ടൺ: അമേരിക്കൻ കുടിയേറ്റ നടപടികളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS). ഗ്രീൻ കാർഡ്, പൗരത്വം എന്നിവയ്ക്കായി അപേക്ഷിച്ചിട്ടുള്ള വ്യക്തികളുടെ സുരക്ഷാ പരിശോധന ഇനി മുതൽ എഫ്.ബി.ഐയുടെ വിപുലമായ ക്രിമിനൽ ഡാറ്റാബേസ് കൂടി ഉൾപ്പെടുത്തിക്കൊണ്ടായിരിക്കും. രാജ്യസുരക്ഷ കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് ഈ അടിയന്തര നീക്കം.

പുതിയ നിയമപ്രകാരം, ഏപ്രിൽ 27-ന് മുമ്പ് ബയോമെട്രിക്സ് (വിരലടയാളം) നൽകിയതും എന്നാൽ ഇതുവരെ തീരുമാനമാകാത്തതുമായ എല്ലാ അപേക്ഷകളും വീണ്ടും എഫ്.ബി.ഐ പരിശോധനയ്ക്ക് അയക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. എഫ്.ബി.ഐയുടെ പക്കലുള്ള അതീവ രഹസ്യമായ ക്രിമിനൽ റെക്കോർഡുകൾ കൂടി പരിശോധിച്ച ശേഷമേ ഇനി അപേക്ഷകളിൽ അന്തിമ തീരുമാനം എടുക്കുകയുള്ളൂ. ഈ പരിശോധന പൂർത്തിയാകാതെ ഒരു അപേക്ഷയിലും അനുകൂലമായ തീരുമാനം എടുക്കരുതെന്ന് ആഭ്യന്തര നിർദ്ദേശമുണ്ട്.

ആരെയൊക്കെ ബാധിക്കും?

കുടിയേറ്റ വിസകളെയാണ് (Immigrant Visas) ഇത് പ്രധാനമായും ബാധിക്കുന്നത്. താല്ക്കാലിക ജോലി വിസകളായ എച്ച്-1ബി (H-1B) പോലുള്ളവയെ ഇത് ബാധിക്കില്ല. പ്രധാനമായും താഴെ പറയുന്ന അപേക്ഷകളാണ് നിരീക്ഷണത്തിലാവുക:

ഗ്രീൻ കാർഡ് (Form I-485): അമേരിക്കയിൽ സ്ഥിരതാമസത്തിന് അപേക്ഷിച്ചവർ.

അമേരിക്കൻ പൗരത്വം (Form N-400): പൗരത്വത്തിനായി കാത്തിരിക്കുന്നവർ.

ഗ്രീൻ കാർഡ് നിബന്ധനകൾ നീക്കം ചെയ്യൽ (Form I-751).

അഭയാർത്ഥി അപേക്ഷകൾ (Asylum).

അഡ്വാൻസ് പരോൾ (യാത്രാ അനുമതി പത്രം).

പുതിയ സുരക്ഷാ പരിശോധനകൾ നടപ്പിലാക്കുന്നതിനായി ചില കേസുകൾ താൽക്കാലികമായി നിർത്തിവെക്കാൻ അഡ്മിനിസ്ട്രേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമൂലം ഗ്രീൻ കാർഡ്, പൗരത്വ അഭിമുഖങ്ങൾ എന്നിവയുടെ ഫലം വരാൻ ചെറിയ കാലതാമസം നേരിട്ടേക്കാം. എന്നാൽ ഈ കാലതാമസം താൽക്കാലികം മാത്രമാണെന്നും അമേരിക്കൻ ജനതയുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും യു.എസ്.സി.ഐ.എസ് വക്താവ് സാക് കഹ്ലർ വ്യക്തമാക്കി.ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തികൾ യുഎസ് കുടിയേറ്റ നിയമങ്ങളുടെ ആനുകൂല്യം പറ്റുന്നത് തടയാൻ പുതിയ നീക്കം സഹായകമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Major change in US immigration procedures: Green card and citizenship applicants now subject to strict FBI vetting

More Stories from this section

family-dental
witywide