ചേരാനല്ലൂർ അപകടം സഭയിലും ചൂടേറിയ ചർച്ച: 17 കാരന് അതിവേഗം ജാമ്യം കിട്ടിയത് അത്ഭുതപ്പെടുത്തി, പോലീസിന് വീഴ്ച പറ്റിയെന്നും ആഭ്യന്തര മന്ത്രി; ‘നടപടി ഉറപ്പ്’

ചേരാനല്ലൂരിൽ 17-കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച ദാരുണമായ സംഭവം നിയമസഭയിലും ചൂടേറിയ ചർച്ചയായി. സഭയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് ഈ വിഷയം ഉന്നയിച്ചത്. പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചുള്ള അപകടങ്ങൾ വർധിച്ചുവരികയാണെന്നും, ഉന്നത സ്വാധീനം ഉപയോഗിച്ച് കുറ്റവാളികൾ രക്ഷപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് ഉന്നയിച്ച വിഷയം ശരിയാണെന്നും തുടക്കത്തിൽ പോലീസിന് ഗുരുതരമായ വീഴ്ച പറ്റിയെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സഭയിൽ തുറന്നുസമ്മതിച്ചു. തുടക്കത്തിൽ തന്നെ നരഹത്യാക്കുറ്റം ചുമത്താതിരുന്നത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അപാകതയാണെന്ന് അദ്ദേഹം പറഞ്ഞു. വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ അടിയന്തരമായി ഇടപെട്ട് ഡി.ജി.പിയോട് സംസാരിക്കുകയും, തുടർന്ന് പോലീസ് പ്രതിക്കെതിരെ നരഹത്യാക്കുറ്റം ചുമത്തുകയും ചെയ്തു. എങ്കിലും, പ്രതിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കിയ ഉടൻ തന്നെ ജാമ്യം അനുവദിച്ചത് അത്ഭുതപ്പെടുത്തിയെന്ന് ആഭ്യന്തര മന്ത്രി വിവരിച്ചു.

സഭയ്ക്ക് പുറത്തിറങ്ങിയ ശേഷവും ആഭ്യന്തര മന്ത്രി പോലീസിനെതിരെയുള്ള നിലപാട് ആവർത്തിച്ചു. മരിച്ചയാളുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയാകുന്നതിന് മുൻപ് തന്നെ അപകടമുണ്ടാക്കിയ ആൾക്ക് ജാമ്യം ലഭിച്ചത് അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണത്തിലെ വീഴ്ചയെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എ.ഡി.ജി.പി പി. വിജയനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി. നിയമത്തിന് മുന്നിൽ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലെന്നും, ജഡ്ജി ആണെങ്കിലും വാദി ആണെങ്കിലും നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും ചെന്നിത്തല വ്യക്തമാക്കി.

അതിനിടെ കേസുമായി ബന്ധപ്പെട്ട് നിർണായകമായ മറ്റ് നിയമനടപടികളും പൂർത്തിയായി. വാഹന ഉടമയും പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പിതാവുമായ അഡീഷണൽ സെഷൻസ് ജഡ്ജിക്കെതിരെ പോലീസ് കേസെടുത്തു. ഹൈക്കോടതിയുടെ അനുമതി തേടിയ ശേഷമാണ് മോട്ടോർ വെഹിക്കിൾ ആക്ട് 199A വകുപ്പ് ചുമത്തി ജഡ്ജിയെ പ്രതിചേർത്ത് പോലീസ് കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചത്. കൂടാതെ, പ്രതിക്ക് ലഭിച്ച ജാമ്യം റദ്ദാക്കാനായി എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ അപേക്ഷ നൽകാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

Cheranalloor Accident Rocks Kerala Assembly: Home Minister Admits Police Lapse; Judge Booked, Steps On to Cancel Bail

Also Read

More Stories from this section

family-dental
witywide