
സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി. കെ.എസ്.ഇ.ബി ചെയർമാൻ സ്ഥാനത്ത് നിന്ന് എം.ജി. രാജമാണിക്യത്തെ മാറ്റി എൻ. പ്രശാന്തിനെ പുതിയ ചെയർമാനായി നിയമിച്ചു. വകുപ്പ് മന്ത്രിമാരുടെ അതൃപ്തിയും മുതിർന്ന ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കങ്ങളുമാണ് പല പ്രമുഖ വകുപ്പുകളിലും പ്രിൻസിപ്പൽ സെക്രട്ടറിമാരുടെയും സെക്രട്ടറിമാരുടെയും മാറ്റത്തിന് വഴിവെച്ചത്. കെ.എസ്.ഇ.ബിയിൽ വൈദ്യുതി വാങ്ങൽ തർക്കം നിലനിൽക്കെയാണ് മുഖ്യമന്ത്രിയുടെ അതൃപ്തിയെ തുടർന്ന് രാജമാണിക്യത്തെ തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിയായി മാറ്റിയത്.
ആരോഗ്യ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയിലാണ് മന്ത്രിമാരുമായുള്ള ഭിന്നതയെ തുടർന്ന് പ്രധാന മാറ്റങ്ങൾ നടന്നത്. പ്രഖ്യാപിച്ച അന്വേഷണങ്ങൾ നടത്താത്തതും മരുന്ന് പർച്ചേസ് നയങ്ങളോടുള്ള എതിർപ്പും കാരണം ആരോഗ്യ മന്ത്രിയുമായി രണ്ട് തട്ടിലായിരുന്ന പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫിനെ ഗതാഗത വകുപ്പിലേക്ക് മാറ്റി. പകരക്കാരനായി അഡീഷണൽ ചീഫ് സെക്രട്ടറി മുഹമ്മദ് ഹനീഷിന് ആരോഗ്യ വകുപ്പിന്റെ പുതിയ ചുമതല നൽകി. മന്ത്രി എൻ. ഷംസുദീൻ അറിയാതെ സ്വീകരിച്ച പല തീരുമാനങ്ങളും ഒടുവിൽ കെ-ടെറ്റ് ഉത്തരവിറക്കിയതുമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സജിത് ബാബുവിന്റെ മാറ്റത്തിന് ഇടയാക്കിയത്.
ഉദ്യോഗസ്ഥ തർക്കങ്ങളും സർക്കാരിനെ വെട്ടിലാക്കിയ വീഴ്ചകളും മറ്റു ചില ഐ.എ.എസ് ഉദ്യോഗസ്ഥരുടെയും സ്ഥാനചലനത്തിന് കാരണമായി. ദിവ്യ എസ്. അയ്യരുമായുള്ള വടംവലി നിലനിന്നിരുന്ന തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്ന് ടി.വി. അനുപമയെ ധനകാര്യ വകുപ്പിൽ എക്സ്പെൻഡീച്ചർ സെക്രട്ടറിയായി മാറ്റി നിയമിച്ചു. വിഴിഞ്ഞം പദ്ധതിക്കായി പുളിങ്കുടിയിൽ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ സർക്കാരിന് തിരിച്ചടിയാകുന്ന നിലപാടെടുത്ത കെ. ഗോപാലകൃഷ്ണനെയും മാറ്റിയിട്ടുണ്ട്. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിൽ നിന്നാണ് അദ്ദേഹത്തെ ശാസ്ത്ര സാങ്കേതിക വകുപ്പിലേക്ക് മാറ്റിയത്.
മറ്റു പ്രധാന മാറ്റങ്ങളിൽ ആഭ്യന്തര വകുപ്പിലെ പുതിയ അഡീഷണൽ ചീഫ് സെക്രട്ടറിയായി കെ.ആർ. ജ്യോതിലാലിനെയും ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി മിൻഹാജ് ആലത്തിനെയും നിയമിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അധിക ചുമതല അഡീഷണൽ ചീഫ് സെക്രട്ടറി മുഹമ്മദ് ഹനീഷ് തുടർന്നും വഹിക്കും.
Major IAS Reshuffle in Kerala: N. Prashant Appointed KSEB Chairman; Key Secretaries Shifted Amid Ministerial Displeasure











