കൊച്ചി പാലാരിവട്ടം സംസ്‌കാര ജങ്ഷനുസമീപമുള്ള വാടകവീട്ടിൽ സ്ത്രീകളെ വിവസ്ത്രരാക്കി വൻ കവർച്ച. വ്യാഴാഴ്ച പുലർച്ചെ ഇതരസംസ്ഥാന തൊഴിലാളികളായ ബംഗാൾ, അസം സ്വദേശികളെ ഭീഷണിപ്പെടുത്തിയാണ് വൻ കവർച്ച നടത്തിയത്. അഞ്ചുപേരടങ്ങുന്ന സംഘം ഇവർ താമസിച്ചിരുന്ന വീട്ടിൽ അതിക്രമിച്ചുകയറി പണവും മൊബൈൽഫോണുകളും സ്വർണാഭരണങ്ങളും പണമടക്കം 6.05 ലക്ഷം രൂപയുടെ വസ്തുക്കൾ കവരുകയായിരുന്നു.
നഗരത്തിൽ ഹോട്ടലുകളിൽ ജോലി ചെയ്ത് ജീവിക്കുന്ന മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഏഴ് മറുനാട്ടുകാരാണ് വാടകവീട്ടിൽ കഴിഞ്ഞിരുന്നത്. മാരകായുധങ്ങളുമായി പ്രതികൾ അതിക്രമിച്ച് കടന്നശേഷം കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു. തൊഴിലാളികളുടെ കൈവശമുണ്ടായിരുന്ന 1,20,000 രൂപ, 3,05,000 വിലവരുന്ന പത്ത് മൊബൈൽ ഫോണുകൾ, തിരിച്ചറിയൽ കാർഡ്, എ.ടി.എം. കാർഡ് എന്നിവ കവർന്നു. തൊഴിലാളികളിൽ ഒരാളെ ഭീഷണിപ്പെടുത്തി ഒാൺലൈനിലൂടെ 12,000 രൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു.തുടർന്ന് സ്ത്രീകളെ വിവസ്ത്രരാക്കിയെന്നാണ് പരാതിയിൽ പറയുന്നത്.
അതേസമയം, അരഞ്ഞാണവും മറ്റും ധരിച്ചിരുന്നോയെന്നറിയാനാണ് സ്ത്രീകളുടെ വസ്ത്രം അഴിപ്പിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. 1,20,000 രൂപ വിലവരുന്ന സ്വർണമാലയും 60,000 രൂപ വിലവരുന്ന ഒരു ജോഡി സ്വർണക്കമ്മലും കവർന്നു. അർമാൻ അലി (23), രാജ ബാബു (26), ഇന്ദേജർ (25), ഫിസ്‌ദുൾ ഹഖ് എന്നിവരാണ് സ്ത്രീകൾക്ക് പുറമേ കവർച്ചക്കിരയായവർ. ഫിസ്ദുൾ ഹഖിന്റെ പരാതിയിൽ പാലാരിവട്ടം പോലീസ് കേസെടുത്തു. സംഭവത്തിൽ മോഷണക്കേസിൽ പ്രതിയായ ഒരാൾ ഉൾപ്പെട്ടതായി പാലാരിവട്ടം പോലീസിന് സൂചന കിട്ടി. കവർച്ചാസംഘത്തിലുള്ള രണ്ടുപേർ ഒഴികെയുള്ളവർ മലയാളികളാണെന്നാണ് സൂചന. രണ്ടുപേരിൽ ഒരാൾക്ക് തൊഴിലാളികളെ പരിചയമുള്ളതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Major robbery in Kochi: Women stripped naked; gold, cash, and 10 mobile phones stolen.














