
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ പിരിച്ചുവിട്ടിട്ടും തൻ്റെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ നിന്നും ‘മുഖ്യമന്ത്രി’ എന്ന പദവി മാറ്റാതെ മമത ബാനർജി. പതിനേഴാം നിയമസഭയുടെ കാലാവധി വ്യാഴാഴ്ചയോടെ ഔദ്യോഗികമായി അവസാനിക്കുകയും ഗവർണർ സഭ പിരിച്ചുവിട്ട് വിജ്ഞാപനം ഇറക്കുകയും ചെയ്തിരുന്നു.
ഭരണഘടനാപരമായി നിലവിലെ സർക്കാരിൻ്റെ കാലാവധി അവസാനിച്ചെങ്കിലും മമതയുടെ ഫേസ്ബുക്ക്, എക്സ് (ട്വിറ്റർ), ഇൻസ്റ്റാഗ്രാം പ്രൊഫൈലുകളിൽ മാറ്റമൊന്നുമില്ല. ഇപ്പോഴും ‘പശ്ചിമ ബംഗാൾ മുഖ്യമന്ത്രി’ എന്ന് തന്നെയാണ് മമത സ്വയം വിശേഷിപ്പിക്കുന്നത്. സാധാരണയായി സഭ പിരിച്ചുവിട്ടാൽ ‘മുൻ മുഖ്യമന്ത്രി’ അല്ലെങ്കിൽ ‘കെയർ ടേക്കർ മുഖ്യമന്ത്രി’ എന്ന് വിശേഷിപ്പിക്കാറാണ് പതിവ്. എന്നാൽ തൻ്റെ പ്രൊഫൈലുകളിൽ ‘മുൻ’ (Former) എന്ന വാക്ക് ചേർക്കാൻ മമത ഇതുവരെ തയ്യാറായിട്ടില്ല എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്.
അതേസമയം, പശ്ചിമ ബംഗാളിൽ പുതിയ സർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങൾ സജീവമാകുന്നു. ബിജെപിയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരെ കാണുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച കൊൽക്കത്തയിലെത്തും. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരായിരിക്കുമെന്ന കാര്യത്തിൽ ഈ കൂടിക്കാഴ്ചയിൽ തീരുമാനമായേക്കും. സുവേന്ദു അധികാരി മുഖ്യമന്ത്രിയാകുമോ അതോ മറ്റാരെങ്കിലും എത്തുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.
Mamata Banerjee has not removed the title ‘Chief Minister’ from her social media profiles despite the dissolution of the West Bengal Assembly.














