
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി വൻ വിജയം നേടിയിട്ടും മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന മമത ബാനർജിയുടെ പ്രഖ്യാപനം പുതിയ ചർച്ചയ്ക്ക് വഴിതുറന്നു. 294 അംഗ നിയമസഭയിൽ 207 സീറ്റുകൾ നേടി ബിജെപി വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കിയെങ്കിലും, തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടതാണെന്ന് ആരോപിച്ച് മമത ബാനർജി രാജ്ഭവനിലേക്ക് പോകാൻ വിസമ്മതിക്കുകയാണ്.
കേന്ദ്ര സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും ഒത്തുകളിച്ചാണ് ബിജെപിക്ക് ഇത്ര വലിയ വിജയം സമ്മാനിച്ചതെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ ആരോപിച്ചു. സംസ്ഥാനത്തെ നൂറോളം മണ്ഡലങ്ങളിൽ വോട്ടർ പട്ടികയിലും വോട്ടെണ്ണലിലും വ്യാപകമായ ക്രമക്കേടുകൾ നടന്നതായാണ് മമതയുടെ വാദം. വോട്ടെണ്ണൽ കേന്ദ്രത്തിൽ വെച്ച് താൻ ശാരീരികമായി ആക്രമിക്കപ്പെട്ടുവെന്നും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ നശിപ്പിക്കപ്പെട്ടുവെന്നും അവർ വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചു. “ഞാൻ തോറ്റിട്ടില്ല, അതുകൊണ്ട് തന്നെ രാജിവെക്കുന്ന പ്രശ്നവുമില്ല,” എന്ന മമതയുടെ വാക്കുകൾ സംസ്ഥാനത്തെ തെരുവുകളിൽ വലിയ രാഷ്ട്രീയ ചേരിതിരിവിനും സംഘർഷ സാധ്യതയ്ക്കും കാരണമായിട്ടുണ്ട്.
ശേഷിക്കുന്നത് ഭരണഘടനാപരമായ കടമ്പകൾ
തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ മുഖ്യമന്ത്രി സ്വമേധയാ രാജിവെക്കുക എന്നത് ഒരു ജനാധിപത്യ മര്യാദയാണെങ്കിലും, ഭരണഘടനയിൽ ഇത് നിർബന്ധമാക്കുന്ന വ്യക്തമായ നിയമമില്ല എന്നത് ഈ കേസിലെ സങ്കീർണ്ണത വർദ്ധിപ്പിക്കുന്നു. എന്നാൽ, സഭയിൽ ഭൂരിപക്ഷമില്ലാത്ത ഒരാൾക്ക് അധികാരത്തിൽ തുടരാനാകില്ല. ഈ സാഹചര്യത്തിൽ ഗവർണർ ആർ.എൻ. രവിക്ക് മുന്നിൽ ചില വഴികളുണ്ട്. മമത ബാനർജിയോട് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ നിർദ്ദേശിച്ചേക്കാം. നിലവിലെ ഫലമനുസരിച്ച് 80 സീറ്റുകൾ മാത്രമുള്ള തൃണമൂലിന് ഇത് സാധ്യമാകില്ല. ഭരണഘടനയുടെ 164(1) അനുച്ഛേദം അനുസരിച്ച് മുഖ്യമന്ത്രിയും മന്ത്രിസഭയും ഗവർണറുടെ പ്രീതി ഉള്ളിടത്തോളം കാലം മാത്രമേ അധികാരത്തിൽ തുടരുകയുള്ളൂ. ഭൂരിപക്ഷമില്ലാത്ത മുഖ്യമന്ത്രിയെ ഗവർണർക്ക് നേരിട്ട് പിരിച്ചുവിടാം.
ക്രമസമാധാന നില തകരുകയാണെങ്കിൽ ആർട്ടിക്കിൾ 356 പ്രകാരം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്യാം. നിലവിലെ നിയമസഭയുടെ കാലാവധി മെയ് 7-ന് അവസാനിക്കും. അതിനുള്ളിൽ ഒരു പുതിയ സർക്കാർ രൂപമെടുത്തില്ലെങ്കിൽ ബംഗാൾ വലിയൊരു ഭരണഘടനാ ശൂന്യതയിലേക്ക് നീങ്ങും. ബിജെപി നേതൃത്വം ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കാനിരിക്കുകയാണ്. എന്നാൽ, മമത ബാനർജി നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെങ്കിൽ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലേക്ക് എത്തും.
മഹാരാഷ്ട്ര, ഹരിയാന, ബീഹാർ എന്നിവിടങ്ങളിൽ നടന്നതിന് സമാനമായ രീതിയിൽ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതെന്നും ഇതിനെതിരെ തെരുവിലിറങ്ങി പോരാടുമെന്നും മമത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന ഒരു രാഷ്ട്രീയ പോരാട്ടമായി പശ്ചിമ ബംഗാൾ ഇപ്പോൾ മാറിയിരിക്കുകയാണ്.
Mamata refuses to resign; What next in Bengal? Next 48 hours crucial















