‘കേരള സർവകലാശാലയിലെ പോലീസ് അതിക്രമം, വന്ദേമാതരം, ഗവർണർക്കും സംഘപരിവാറിനും കേരള സർക്കാർ കീഴടങ്ങി’; ഇടപെടൽ ആവശ്യപ്പെട്ട് ഖാർഗെയ്ക്ക് കത്തയച്ച് പിണറായി

കേരള സർവകലാശാലയിൽ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂല നിലപാട് സ്വീകരിക്കുന്ന സംസ്ഥാന സർക്കാരിന്റെ നയങ്ങളിലും പ്രതിഷേധമറിയിച്ച് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കത്തയച്ചു. വന്ദേമാതരം പൂർണ്ണമായി ആലപിച്ചതിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പോലീസ് യാതൊരു പ്രകോപനവുമില്ലാതെ ലത്തിച്ചാർജ് നടത്തുകയായിരുന്നുവെന്നും പെൺകുട്ടികളെയടക്കം ആൺ പോലീസുകാർ ആക്രമിച്ചുവെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.

ബഹുസ്വര സമൂഹത്തെയും ഭരണഘടനാ മൂല്യങ്ങളെയും സംരക്ഷിക്കുന്നതിനായി വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ശ്ലോകങ്ങൾ മാത്രം ആലപിക്കുകയെന്ന സമവായം നിലനിൽക്കെ, അത് തകർത്ത് മുഴുവൻ വന്ദേമാതരവും നിർബന്ധപൂർവ്വം ആലപിക്കാൻ സംഘപരിവാർ ശ്രമിക്കുമ്പോൾ കേരളത്തിലെ കോൺഗ്രസ് സർക്കാരും അതേ നിലപാടാണ് സ്വീകരിക്കുന്നതെന്ന് പിണറായി ആരോപിച്ചു. ഡൽഹി പോലീസിന്റെ അടിച്ചമർത്തലുകളെ ദേശീയതലത്തിൽ എതിർക്കുന്ന കോൺഗ്രസ് പാർട്ടി, കേരളത്തിൽ ഫാസിസ്റ്റ് ശൈലിയിലാണ് വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ നേരിടുന്നത്. എ.ഐ.സി.സി ആസ്ഥാനത്ത് വന്ദേമാതരം മുഴുവൻ പാടിയതിൽ സോണിയ ഗാന്ധി പോലും അതൃപ്തി പ്രകടിപ്പിച്ചിട്ടും കേരളത്തിലെ കോൺഗ്രസ് സർക്കാർ സംഘപരിവാറിനെ തൃപ്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്.

സർവകലാശാലാ നിയമത്തിൽ യു.ജി.സി ചട്ടങ്ങൾക്കനുസൃതമായി ഭേദഗതി വരുത്താമെന്ന് കോടതിയിൽ സമ്മതിച്ചതിലൂടെ സർവകലാശാലകൾക്ക് മേൽ ഗവർണർക്കുള്ള പൂർണ്ണ അധീശത്വം സംസ്ഥാന സർക്കാർ അംഗീകരിച്ചു കൊടുത്തിരിക്കുകയാണ്. സർവകലാശാലകളെ കൈപ്പിടിയിലാക്കാൻ കേന്ദ്ര സർക്കാരും സംഘപരിവാറും നടത്തുന്ന ശ്രമങ്ങൾക്ക് സംസ്ഥാന സർക്കാർ കീഴടങ്ങിയതിന്റെ തെളിവാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ സംഘപരിവാർ പ്രീണന നയങ്ങളിൽ നിന്നും വിദ്യാർത്ഥികൾക്ക് നേരെയുള്ള പോലീസ് അതിക്രമങ്ങളിൽ നിന്നും പിന്തിരിയാൻ എ.ഐ.സി.സി അധ്യക്ഷൻ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Police Highhandedness in Kerala University: Pinarayi Vijayan Writes to AICC President Mallikarjun Kharge

Also Read

More Stories from this section

family-dental
witywide