
വാഷിംഗ്ടൺ/ഗാസ: ഗാസയിൽ ഹമാസ് പൂർണ്ണമായി ആയുധം താഴെവെക്കാതെ തങ്ങളുടെ സൈന്യത്തെ നിലവിലെ സ്ഥാനങ്ങളിൽ നിന്ന് പിൻവലിക്കില്ലെന്ന് ഇസ്രായേൽ വ്യക്തമാക്കി. എന്നാൽ ഇസ്രായേൽ തങ്ങളുടെ എല്ലാവിധ ആക്രമണങ്ങളും അവസാനിപ്പിക്കുകയും ഗാസയിൽ നിന്ന് സൈന്യത്തെ പൂർണ്ണമായി പിൻവലിക്കുകയും ചെയ്താൽ മാത്രമേ ഭാരിച്ച ആയുധങ്ങൾ കൈമാറൂ എന്നാണ് ഹമാസിൻ്റെ നിലപാട്. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച സമാധാന ഉടമ്പടിയെച്ചൊല്ലിയാണ് ഇരുവിഭാഗവും തമ്മിൽ തർക്കം മുറുകുന്നത്.
ഗാസയിലെ ഹമാസ് ഉൾപ്പെടെയുള്ള സായുധ ഗ്രൂപ്പുകളെ പൂർണ്ണമായി നിരായുധീകരിക്കാൻ ‘ബോർഡ് ഓഫ് പീസ്’ ധാരണയിലെത്തിയതായി ട്രംപ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. നിർദിഷ്ട കരാറിൽ ഇസ്രായേൽ അതീവ സന്തുഷ്ടരാണെന്നും ഇത് മധ്യപൂർവേഷ്യയിലെ വലിയൊരു ചുവടുവെപ്പാണെന്നും ട്രംപ് ക്യാമ്പ് ഡേവിഡിൽ നടന്ന കാബിനറ്റ് യോഗത്തിൽ പറഞ്ഞു. എന്നാൽ ഇസ്രായേലിൻ്റെ തീവ്രവലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ ഈ കരട് കരാർ അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു.
യു.എസ്. മുൻകൈയെടുത്ത് കഴിഞ്ഞ സെപ്റ്റംബറിൽ അവതരിപ്പിച്ച 20 ഇന സമാധാന പദ്ധതിയുടെ രണ്ടാം ഘട്ട ചർച്ചകൾ പുരോഗമിക്കുമ്പോഴും, പ്രധാന വ്യവസ്ഥകളെച്ചൊല്ലി ഇസ്രായേലും ഹമാസും തമ്മിലുള്ള തർക്കം തുടരുകയാണ്. ഹമാസ് ആദ്യം ആയുധം താഴെവെക്കണമെന്ന നിലപാടിൽ ഇസ്രായേൽ ഉറച്ചുനിൽക്കുമ്പോൾ, സൈന്യം ആദ്യം പിന്മാറണമെന്നാണ് ഹമാസിൻ്റെ വാശി. കരാർ പ്രകാരം ഹമാസ് തങ്ങളുടെ ആയുധങ്ങൾ ‘ബോർഡ് ഓഫ് പീസ്’ എന്ന സമാധാന സമിതിക്ക് കൈമാറേണ്ടതുണ്ട്. മുൻപ് ഒപ്പുവെച്ച വെടിനിർത്തൽ കരാർ അനുസരിച്ച് ഇസ്രായേൽ സൈന്യം ‘യെല്ലോ ലൈൻ’ അതിർത്തിയിലേക്ക് പിൻവാങ്ങേണ്ടതായിരുന്നുവെങ്കിലും, നിലവിൽ നിശ്ചയിച്ചതിലും കൂടുതൽ അതായത് ഗാസയുടെ 60 ശതമാനത്തിലധികം ഭൂപ്രദേശം ഇസ്രായേൽ സൈന്യത്തിൻ്റെ നിയന്ത്രണത്തിലാണ്.
അതേസമയം, ആക്രമണം പൂർണ്ണമായി അവസാനിപ്പിക്കുന്നതിനൊപ്പം സ്വയംഭരണാവകാശമുള്ള സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുക എന്നതും കരാറിൻ്റെ മുൻഗണനയായി ഹമാസ് ആവശ്യപ്പെടുന്നുണ്ട്. ഗാസയിലെ കടുത്ത മാനുഷിക പ്രതിസന്ധി കണക്കിലെടുത്താണ് ഹമാസിൻ്റെ പുതിയ നേതൃത്വം ഇപ്പോൾ ഈ ചർച്ചകൾക്ക് തയ്യാറായിരിക്കുന്നത് എന്നാണ് സൂചന.
ഘട്ടംഘട്ടമായുള്ള നിരായുധീകരണം, ഇസ്രായേൽ സൈന്യത്തിൻ്റെ പിന്മാറ്റം, അന്താരാഷ്ട്ര സമാധാന സേനയുടെ വിന്യാസം എന്നിവ ഉൾപ്പെടുന്ന ഒരു റോഡ്മാപ്പ് ‘ബോർഡ് ഓഫ് പീസ്’ വെള്ളിയാഴ്ച പുറത്തുവിട്ടിട്ടുണ്ട്. എങ്കിലും ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Hamas wants the Israel army to withdraw first, Israel wants it to lay down its weapons; Dispute in Gaza intensifies, setback to Trump’s peace plan?















