‘ശബരിനാഥ് ആന്തൂറിയം പൂവുമായി മഴയത്ത് നിൽക്കുന്നു, ദീപക്ക് അവലോസുണ്ട നൽകുന്നില്ല’; അവിശ്വാസ നീക്കത്തെ പരിഹസിച്ച് മേയർ വി.വി. രാജേഷ്

യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയ നീക്കങ്ങളെയും സി.പി.എം.-കോൺഗ്രസ് കൂട്ടുകെട്ടിനെയും കടുത്ത ഭാഷയിൽ പരിഹസിച്ച് തിരുവനന്തപുരം മേയർ വി.വി. രാജേഷ് രംഗത്തെത്തി. കാപ്പ കേസിൽ യു.ഡി.എഫ് കൗൺസിലർ സുഗതൻ ജയിലിലായ പശ്ചാത്തലത്തിലാണ് നാളെ കോർപ്പറേഷൻ ജനറൽ കൗൺസിൽ യോഗം ചേരാനിരിക്കെ മേയറുടെ ഈ രാഷ്ട്രീയ പ്രതികരണം. കോൺഗ്രസ് നേതാവ് ശബരിനാഥ് ആന്തൂറിയം പൂവുമായി മഴയത്ത് നിൽക്കുകയാണെന്നും എന്നാൽ സി.പി.എം. നേതാവായ എസ്.പി. ദീപക്ക് അവലോസുണ്ട നൽകുന്നില്ലെന്നും സി.പി.എം. ജില്ലാ സെക്രട്ടറി വി. ജോയി പിന്നിൽ നിന്ന് പിടിക്കുകയാണെന്നും രാജേഷ് പരിഹസിച്ചു. കേരളത്തിൽ ‘ഇന്ത്യ’ മുന്നണി യാഥാർത്ഥ്യമാകുന്നതിന്റെ സൂചനയാണിതെന്നും എത്രയും വേഗം അവരുടെ പ്ലാൻ വ്യക്തമാക്കിയാൽ തങ്ങൾക്ക് മുന്നോട്ടുപോകാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിനാഥ് കോൺഗ്രസ് പ്രതിപക്ഷ നേതാവായതുകൊണ്ടല്ല അവരുടെ സംഘടനയ്ക്ക് കോർപ്പറേഷനിൽ കൊടിവയ്ക്കാൻ സാധിച്ചതെന്നും അത് മേയറുടെ ഔദാര്യം കൊണ്ടാണെന്നും വി.വി. രാജേഷ് ഓർമ്മിപ്പിച്ചു. ആകെ 101 സീറ്റുകളിൽ 50 സീറ്റുകൾ നേടിയാണ് ബി.ജെ.പി. ഭരണം തുടങ്ങിയതെന്നും ജനാധിപത്യപരമായ അവിശ്വാസം ഉൾപ്പെടെയുള്ള എല്ലാ നീക്കങ്ങളെയും പ്രതീക്ഷിച്ചാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോർപ്പറേഷന്റെ പല സ്വത്തുക്കളും സി.പി.എം. നേതാക്കളാണ് കൈകാര്യം ചെയ്യുന്നതെന്നും അതിൽ നിന്നുള്ള വരുമാന ചോർച്ചയുടെ അടിവേരറുക്കാൻ ഭരണസമിതി തീരുമാനിച്ചതോടെയാണ് സി.പി.എം. അങ്കലാപ്പിലായതെന്നും മേയർ ആരോപിച്ചു. ചരിത്രത്തിലാദ്യമായി കോർപ്പറേഷൻ ജീവനക്കാർ ഭരണസമിതിയോട് പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്നും മൂന്ന് വർഷം കഴിയുമ്പോൾ മാനദണ്ഡപ്രകാരമുള്ള സ്ഥലമാറ്റങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

തെരുവുനായ്ക്കളുടെ പ്രശ്നം പരിഹരിക്കാൻ 30 ദിവസത്തിനുള്ളിൽ പൈലറ്റ് പ്രോജക്ടായി ഷെൽറ്റർ സംവിധാനം ഒരുക്കിയതായി വി.വി. രാജേഷ് അവകാശപ്പെട്ടു. നിലവിൽ പ്രതിദിനം 15 മുതൽ 20 വരെ നായ്ക്കളെ വന്ധ്യംകരിക്കാനുള്ള (എ.ബി.സി.) സൗകര്യം കോർപ്പറേഷനുണ്ട്. എന്നാൽ, ജില്ലാ പഞ്ചായത്തിന് കേന്ദ്രസർക്കാർ നൽകിയ മൊബൈൽ എ.ബി.സി. യൂണിറ്റ് നിരവധി തവണ ആവശ്യപ്പെട്ടിട്ടും വിട്ടുനൽകാൻ അവർ തയ്യാറായിട്ടില്ല. മാലിന്യസംസ്കരണത്തിനായി വിവിധ വകുപ്പുകളുടെ അനുമതി ആവശ്യമാണെന്നും അതിനായി സ്ഥിരമായ സംവിധാനം നടപ്പാക്കുമെന്നും ഇടയ്ക്ക് തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതാണ് ചില വികസന പദ്ധതികൾക്ക് താമസം വരുത്തിയതെന്നും മേയർ വിശദീകരിച്ചു.

Mayor VV Rajesh Mocks Opposition’s No-Confidence Move; Claims Left-Congress Nexus in Thiruvananthapuram Corporation

More Stories from this section

family-dental
witywide