പിണറായിയുടെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസ് പ്രോട്ടോക്കോൾ വിഭാഗത്തിന് വീഴ്ച, ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉറപ്പെന്ന് അശ്വതി ശ്രീനിവാസ്

ഡ.ഹിയിൽ നിന്ന് കോഴിക്കോടേക്കുള്ള വിമാനത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഇന്നലെ യാത്ര ചെയ്യാനാകാത്ത സംഭവത്തിൽ കേരള ഹൗസിലെ പ്രോട്ടോക്കോൾ വിഭാഗത്തിന് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന അച്ചടക്ക നടപടി ഉണ്ടാകുമെന്ന് കേരള ഹൗസ് അഡീഷണൽ റസിഡന്റ് കമ്മിഷണർ അശ്വതി ശ്രീനിവാസ് അറിയിച്ചു. പ്രോട്ടോക്കോൾ ഓഫീസറും വിമാനക്കമ്പനി അധികൃതരും തമ്മിലുള്ള ആശയവിനിമയത്തിലുണ്ടായ പാളിച്ചയാണ് പ്രതിപക്ഷ നേതാവിന്റെ യാത്ര മുടങ്ങാൻ കാരണമായതെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ വകുപ്പുതല നടപടിയാണോ സസ്പെൻഷനാണോ ഉണ്ടാകുക എന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ വ്യക്തത വരും.

സി.പി.എം. പൊളിറ്റ് ബ്യൂറോ യോഗം പൂർത്തിയാകുന്നതിന് മുൻപ് ഇറങ്ങിയാണ് കോഴിക്കോടേക്കുള്ള ഉച്ചയ്ക്ക് 2.50-ന്റെ ഇൻഡിഗോ വിമാനത്തിൽ കയറാൻ പിണറായി വിജയൻ ദില്ലി വിമാനത്താവളത്തിൽ എത്തിയത്. പിണറായി വിജയന്റെ പി.എ.യ്ക്ക് പുറമെ കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫീസറും ഒരു ഓഫീസ് അസിസ്റ്റന്റും ഒപ്പമുണ്ടായിരുന്നു. വിമാനത്താവളത്തിലെ വി.ഐ.പി. ലോഞ്ചിലിരുന്ന പ്രതിപക്ഷ നേതാവ് വിമാനം പുറപ്പെടാൻ തയ്യാറായ വിവരം അറിയാൻ വൈകുകയായിരുന്നു. തുടർന്ന് ബോർഡിംഗ് ഗേറ്റിൽ എത്തിയപ്പോഴേക്കും സമയപരിധി കഴിഞ്ഞെന്ന് ഇൻഡിഗോ ജീവനക്കാർ അറിയിച്ചതോടെ യാത്ര മുടങ്ങുകയായിരുന്നു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രിയുടെ ഓഫീസും ചീഫ് സെക്രട്ടറിയും അടിയന്തരമായി റിപ്പോർട്ട് തേടിയിരുന്നു. തുടർന്ന് അഡീഷണൽ റസിഡന്റ് കമ്മിഷണറുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന യോഗത്തിലാണ് വീഴ്ച സ്ഥിരീകരിച്ചത്.

പിണറായി വിജയന്റെ യാത്രയെക്കുറിച്ച് ഇൻഡിഗോ കമ്പനിക്ക് മുൻകൂട്ടി ഇമെയിൽ അയച്ചിരുന്നതായി കേരള ഹൗസ് അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും വിമാനത്താവളത്തിൽ എത്തിയ ശേഷം ഇൻഡിഗോയുമായും വിമാനത്താവള നടത്തിപ്പ് കമ്പനിയായ ജി.എം.ആറുമായും കൃത്യമായ ആശയവിനിമയം നടത്തുന്നതിൽ പ്രോട്ടോക്കോൾ വിഭാഗത്തിന് വീഴ്ച പറ്റി. മുഖ്യമന്ത്രി, ഗവർണർ എന്നിവർക്കാണ് കേന്ദ്ര കാബിനറ്റ് പദവിയിലുള്ളവരുടേതിന് സമാനമായ സൗകര്യങ്ങൾ വിമാനക്കമ്പനികൾ നൽകാറുള്ളത്. അതിനാൽ പ്രതിപക്ഷ നേതാവിനെ കൃത്യസമയത്ത് ഗേറ്റിൽ എത്തിക്കാൻ കേരള ഹൗസ് പ്രോട്ടോക്കോൾ ഓഫീസർ തന്നെ മുൻകൈ എടുക്കണമായിരുന്നു എന്നാണ് ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന വിവരം. യാത്ര മുടങ്ങിയതിനെത്തുടർന്ന് മണിക്കൂറുകൾക്ക് ശേഷം രാത്രി 7.15-ന്റെ വിമാനത്തിലാണ് പിണറായി വിജയൻ കണ്ണൂരിലേക്ക് പോയത്.

Protocol Lapse at Kerala House: Disciplinary Action Promised After Pinarayi Vijayan Misses Flight from Delhi

Also Read

More Stories from this section

family-dental
witywide