ഡിഎംകെ സഖ്യം വിടാൻ എംഡിഎംകെ; 2 എംഎൽഎമാർ രാജിവെച്ച് വിജയ്‌യുടെ ടിവികെയിലേക്ക് ചേക്കേറാൻ സാധ്യത

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഡിഎംകെ നേതൃത്വം നൽകുന്ന മതനിരപേക്ഷ പുരോഗമന സഖ്യത്തിൽ (എസ്പിഎ) വീണ്ടും വിള്ളൽ. കോൺഗ്രസ്, വിസികെ, ഐയുഎംഎൽ തുടങ്ങിയ കക്ഷികൾക്ക് പിന്നാലെ വൈക്കോയുടെ നേതൃത്വത്തിലുള്ള മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകവും (എംഡിഎംകെ) ഡിഎംകെ സഖ്യം വിടാനൊരുങ്ങുന്നതായി ശക്തമായ സൂചനകൾ. ഇതിന്റെ ഭാഗമായി പാർട്ടിയിലെ രണ്ട് പ്രമുഖ എംഎൽഎമാർ സ്ഥാനം രാജിവെച്ച് മുഖ്യമന്ത്രി വിജയ്‌യുടെ തമിഴക വെട്രി കഴകത്തിൽ (ടിവികെ) ചേരുമെന്നാണ് റിപ്പോർട്ടുകൾ.

മൈലാടുതുറൈ ജില്ലയിലെ സീർകാഴി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആർ. സെന്തിൽ സെൽവൻ, തെങ്കാശി ജില്ലയിലെ കടയനല്ലൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ടി. എം. രാജേന്ദ്രൻ എന്നിവരാണ് രാജിവെക്കാൻ ഒരുങ്ങുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നാല് സീറ്റുകളിൽ മത്സരിച്ച എംഡിഎംകെ, മൂന്നിടത്തും ഡിഎംകെയുടെ ‘ഉദയസൂര്യൻ’ ചിഹ്നത്തിലാണ് ജനവിധി തേടിയത്. സാങ്കേതികമായി ഡിഎംകെ ചിഹ്നം ഉപയോഗിച്ചതിനാൽ നിയമസഭയിൽ ഇവർക്ക് ഡിഎംകെയുടെ വിപ്പ് അനുസരിക്കേണ്ടതുണ്ട്. വിപ്പ് ലംഘിച്ചാൽ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത കൽപ്പിക്കപ്പെടാം എന്നതിനാലാണ് ഇരുവരും എംഎൽഎ സ്ഥാനം രാജിവെച്ച് ടിവികെയിൽ ചേരാൻ തീരുമാനിച്ചിരിക്കുന്നത്.

പാർട്ടിക്ക് സ്വന്തം ചിഹ്നം അനുവദിക്കാതെ ഡിഎംകെയുടെ ചിഹ്നത്തിൽ മത്സരിക്കാൻ നിർബന്ധിതരാക്കിയതിൽ എംഡിഎംകെ അണികൾക്കിടയിൽ കടുത്ത അമർഷമുണ്ടായിരുന്നു. എംഡിഎംകെ ജനറൽ സെക്രട്ടറി വൈക്കോയും മകനും എംപിയുമായ ദുരൈ വൈക്കോയും ഈ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ദുരൈ വൈക്കോ കഴിഞ്ഞ ദിവസം ടിവികെ സർക്കാരിനെ പിന്തുണയ്ക്കാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഡിഎംകെ ചിഹ്നത്തിൽ മത്സരിക്കേണ്ടി വന്ന സാഹചര്യം നിർഭാഗ്യകരമായിപ്പോയി എന്ന് പ്രതികരിച്ചിരുന്നു.

ഡിഎംകെ സഖ്യം ഔദ്യോഗികമായി വിടുന്നതിനെക്കുറിച്ചും പാർട്ടിയുടെ ഭാവി രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും ചർച്ച ചെയ്യാൻ ജൂൺ 27-ന് എംഡിഎംകെ ജനറൽ കൗൺസിൽ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിന് ശേഷമാകും എംഎൽഎമാരുടെ രാജിയും ടിവികെ പ്രവേശനം ഉൾപ്പെടെയുള്ള അന്തിമ പ്രഖ്യാപനങ്ങളും ഉണ്ടാവുക.

തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം എഐഎഡിഎംകെയിൽ നിന്നുള്ള ഒൻപതോളം എംഎൽഎമാരെ തങ്ങളുടെ പാളയത്തിലെത്തിച്ച ടിവികെ, പ്രതിപക്ഷ നിരകളെ കൂടുതൽ ദുർബലപ്പെടുത്തി ഭൂരിപക്ഷം ശക്തമാക്കാനുള്ള നീക്കങ്ങളിലാണ്. എംഡിഎംകെ കൂടി മുന്നണി വിടുന്നതോടെ ഡിഎംകെ സഖ്യത്തിൽ ഡിഎംഡികെ മാത്രമാകും പ്രധാന കക്ഷിയായി അവശേഷിക്കുക.

MDMK to leave DMK alliance; 2 MLAs likely to resign and join Vijay’s TVK

Also Read

More Stories from this section

family-dental
witywide