
മലയാളിയുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും പ്രണയത്തിലും വിരഹത്തിലും ഒരുപോലെ കൂടെയുള്ള ഒരു ശബ്ദവും മുഖവുമുണ്ട്; അത് മോഹൻലാൽ എന്ന നടനവിസ്മയത്തിൻ്റേതാണ്. അഭിനയത്തിൻ്റെ അതിർവരമ്പുകൾ മായ്ച്ചുകളഞ്ഞ്, ഓരോ കഥാപാത്രമായും പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ മോഹൻലാലിന് ഇന്ന് 66-ാം ജന്മദിനം. വില്ലനായി വന്ന് മലയാള സിനിമയുടെ സിംഹാസനം കീഴടക്കിയ ആ യാത്ര ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത ഒരു അധ്യായമാണ്.
വില്ലനിൽ നിന്ന് ജനനായകനിലേക്ക്
തിരനോട്ടം (ചലച്ചിത്രം, 1978) എന്ന ചിത്രത്തിലാണ് മോഹൻലാൽ ആദ്യമായി അഭിനയിച്ചത്. അദ്ദേഹത്തിൻ്റെ സുഹൃത്തുക്കളുടെ തന്നെ നിർമാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പ് ആണ് ഈ ചിത്രം നിർമ്മിച്ചത്. ഒരു ഹാസ്യകഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. എന്നാൽ സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് 1980-ൽ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിലെ നരേന്ദ്രൻ എന്ന ക്രൂരനായ വില്ലനായിട്ടായിരുന്നു മോഹൻലാലിൻ്റെ അരങ്ങേറ്റം. എന്നാൽ അനായാസമായ ശരീരഭാഷയും തനതായ ഡയലോഗ് ഡെലിവറിയും കൊണ്ട് അദ്ദേഹം വളരെ പെട്ടെന്ന് തന്നെ നായകനിരയിലേക്ക് ഉയർന്നു. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിൻ്റെ മകൻ എന്ന ചിത്രത്തിലൂടെയാണ് മോഹൻലാൽ സൂപ്പർതാര പദവിയിലേക്ക് ഉയരുന്നത്.
80-കളിലും 90-കളിലും ശ്രീനിവാസൻ, പത്മരാജൻ, ഭരതൻ, സത്യൻ അന്തിക്കാട്, പ്രിയദർശൻ എന്നിവരുമായി ചേർന്നൊരുക്കിയ ചിത്രങ്ങൾ മോഹൻലാലിനെ മലയാളിയുടെ സ്വന്തം ‘ലാലേട്ടൻ’ ആക്കി മാറ്റി. മലയാളികൾ ഇന്നും നെഞ്ചിലേറ്റുന്ന ഒട്ടനവധി കഥാപാത്രങ്ങൾക്ക് അദ്ദേഹം ജീവൻ നൽകി. വിധിക്കു മുന്നിൽ തകർന്നുപോകുന്ന ഒരു സാധാരണക്കാരൻ്റെ വേദന പേറുന്ന കിരീടത്തിലെ സേതുമാധവനെ മലയാളിക്ക് മറക്കാനാകുമോ. സ്ഫടികത്തിലൂടെ മാസ്സ് ആക്ഷൻ രംഗങ്ങളും പരുക്കൻ ഭാവങ്ങൾക്കുള്ളിൽ സ്നേഹം ഒളിപ്പിച്ചുവച്ച ആടുതോമ ഹൃദയഹാരിയാണ്. ഭരതത്തിലെ ഗോപിനാഥൻ, സംഗീതവും ആത്മസംഘർഷങ്ങളും നിറഞ്ഞ മറ്റൊരു ക്ലാസിക് കഥാപാത്രം. ശ്രീനിവാസനുമൊത്തുള്ള ‘നാടോടിക്കാറ്റ്’, ‘ദാസനും വിജയനും’ കൂട്ടുകെട്ടിലെ ഹാസ്യമുഹൂർത്തങ്ങൾ ഇന്നും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നു. ‘നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളി’ലെ സോളമൻ, ‘തൂവാനത്തുമ്പികളി’ലെ ജയകൃഷ്ണൻ, ‘ചിത്ര’ത്തിലെ വിഷ്ണു, ‘കമലദള’ത്തിലെ നന്ദഗോപൻ, ‘ദേവാസുര’ത്തിലെ മംഗലശ്ശേരി നീലകണ്ഠൻ, ‘തന്മാത്ര’യിലെ രമേശൻ നായർ… അങ്ങനെ നീളുന്നു പ്രിയതാരത്തിൻ്റെ വേഷപ്പകർച്ചകൾ. 1997ൽ പുറത്തിറങ്ങിയ ഗുരു എന്ന ചിത്രം ഓസ്‌കർ പുരസ്‌കാരത്തിനുള്ള വിദേശ ചലച്ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയിരുന്നു. രാജീവ് അഞ്ചൽ ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. വർഗ്ഗീയ ലഹളയേയും ആത്മീയതയേയും ചർച്ച ചെയ്ത ഈ ചിത്രം ഇന്നും ചർച്ചചെയ്യപ്പെടുന്നു. കുടുംബത്തെ രക്ഷിക്കാൻ ഏത് അതിരും ലംഘിക്കുന്ന ഒരു സാധാരണക്കാരൻ്റെ ബുദ്ധിശക്തിയുള്ള ജോർജുകുട്ടി (ദൃശ്യം)വരെ മോഹൻലാലിൻ്റെ ഭാവപ്പകർച്ചയുടെ നേർക്കാഴ്ചയാണ്.
രാംഗോപാൽ വർമ സംവിധാനം ചെയ്ത ‘കമ്പനി’, മണിരത്‌നം ഒരുക്കിയ ‘ഇരുവർ’ തുടങ്ങിയവയാണ് മോഹൻലാലിന്റെ ശ്രദ്ധേയമായ അന്യഭാഷാ ചിത്രങ്ങൾ. അഭിനയത്തികവിനൊപ്പം ബോക്സ് ഓഫീസിലും വിപ്ലവം സൃഷ്ടിച്ച നടനാണ് മോഹൻലാൽ. മലയാള സിനിമയെ ആദ്യമായി 100 കോടി ക്ലബ്ബിലെത്തിച്ച ‘പുലിമുരുകൻ’, 200 കോടി ക്ലബ്ബിലെത്തിച്ച ‘ലൂസിഫർ’ എന്നീ ചിത്രങ്ങൾ അദ്ദേഹത്തിൻ്റെ താരമൂല്യത്തിൻ്റെ തെളിവുകളാണ്.
ഇത്തവണത്തെ പിറന്നാൾ ആരാധകർക്ക് ഇരട്ടി മധുരമാണ് സമ്മാനിക്കുന്നത്. അദ്ദേഹത്തിൻ്റെ 66-ാം പിറന്നാൾ ദിനമായ ഇന്ന് തന്നെയാണ് ആഗോളതലത്തിൽ തിയേറ്ററുകളിൽ വൻ വരവേൽപ്പോടെ ‘ദൃശ്യം 3’ റിലീസ് ചെയ്തിരിക്കുന്നത്. ജോർജുകുട്ടിയുടെ അടുത്ത ബുദ്ധിപരമായ നീക്കങ്ങൾ കാണാൻ തിയേറ്ററുകളിൽ ആരാധകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
ദേശീയ പുരസ്കാരങ്ങളും പത്മശ്രീ, പത്മഭൂഷൺ ബഹുമതികളും നൽകി രാജ്യം ഈ പ്രതിഭയെ ആദരിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും മോഹൻലാൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
പത്തനംതിട്ടയിലെ ഇലന്തൂരിൽ 1960 മെയ് 21നാണ് വിശ്വനാഥൻ നായരുടെയും ശാന്തകുമാരിയുടെയും മകനായി മോഹൻലാലിൻ്റെ ജനനം. മുടവൻമുകൾ എന്ന സ്ഥലത്തെ തറവാട്ടു വീട്ടിലായിരുന്നു മോഹൻലാലിൻ്റെ കുട്ടിക്കാലം. മുടവൻമുകളിലുള്ള ഒരു ചെറിയ സ്‌കൂളിലാണ് മോഹൻലാൽ തൻ്റെ വിദ്യാഭ്യാസം ആരംഭിക്കുന്നത്.
പ്രായം കേവലം അക്കങ്ങൾ മാത്രമാണെന്ന് തെളിയിച്ചുകൊണ്ട്, പുതിയ സംവിധായകർക്കൊപ്പവും ബിഗ് ബജറ്റ് ചിത്രങ്ങളിലൂടെയും അദ്ദേഹം ഇപ്പോഴും സിനിമാ ലോകത്തെ വിസ്മയിപ്പിച്ചു മുന്നേറുകയാണ്. ഇനിയും അനവധി മികച്ച കഥാപാത്രങ്ങളുമായി ലാലേട്ടൻ നമ്മെ വിസ്മയിപ്പിക്കട്ടെ…
Mohanlal’s birthday is today.














