
പാലക്കാട് ജില്ലയിലെ ഒരു വീട്ടിൽ നിന്ന് ഇനി എംപിയും എംഎൽഎയും. പാലക്കാട് എംപിയായി വി.കെ. ശ്രീകണ്ഠൻ പാർലമെന്റിൽ തുടരുമ്പോൾ, അദ്ദേഹത്തിന്റെ ഭാര്യയും കോൺഗ്രസ് നേതാവുമായ കെ.എ. തുളസി കോങ്ങാട് മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേരള രാഷ്ട്രീയത്തിൽ അപൂർവമായി മാത്രം സംഭവിക്കുന്ന ഈ നേട്ടം ഇത്തവണ പാലക്കാടിന് പുത്തൻ രാഷ്ട്രീയ ചരിത്രമായി മാറി.
സിറ്റിംഗ് എംഎൽഎയും സിപിഎം നേതാവുമായ കെ. ശാന്തകുമാരിയെ അട്ടിമറിച്ചാണ് തുളസി കോങ്ങാട് കോൺഗ്രസ് കൊടി പാറിച്ചത്. പരമ്പരാഗതമായ ഇടതുകോട്ടയിൽ 3,651 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തുളസിയുടെ വിജയം. ശാന്തകുമാരി 59,028 വോട്ടുകൾ നേടിയപ്പോൾ തുളസി 62,734 വോട്ടുകൾ നേടി. എൻഡിഎ സ്ഥാനാർഥി രേണു സുരേഷ് 24,925 വോട്ടുകളാണ് ഇവിടെ നേടിയത്.
മുൻ മുഖ്യമന്ത്രി കെ. കരുണാകരനും മകൻ കെ. മുരളീധരനും, കെ.എം. മാണിയും മകൻ ജോസ് കെ. മാണിയും ഇത്തരത്തിൽ ഒരേസമയം എംഎൽഎയായും എംപിയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആർ. ബാലകൃഷ്ണപിള്ളയും മകൻ ഗണേഷ് കുമാറും ഒരേസമയം നിയമസഭാംഗങ്ങളായിരുന്നിട്ടുണ്ട്. ആദ്യ നിയമസഭയിൽ അംഗങ്ങളായിരുന്ന ടി.വി. തോമസും ആർ. ഗൗരിയമ്മയുമാണ് കേരള ചരിത്രത്തിൽ ഈ അപൂർവതയ്ക്ക് ആദ്യമായി തുടക്കമിട്ടത്.
MP and MLA From the Same Family; VK Sreekandan and KA Thulasi Create History in Palakkad















