ഭാര്യയെ കൊലപ്പെടുത്തി ആശുപത്രിയിലെത്തിച്ചത് വിഷം കഴിച്ചെന്ന് പറഞ്ഞ്; മൂന്നാറിൽ ഭർത്താവ് പിടിയിൽ

തൊടുപുഴ: ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് മരിച്ചതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. അസം സ്വദേശിനിയായ കബിത ബോറെയുടെ മരണവുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് സ്വദേശി ജാഗേശ്വർ കുമാർ ദാസിനെയാണ് മൂന്നാർ പൊലീസ് പിടികൂടിയത്. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കബിത വിഷം കഴിച്ചെന്ന് അറിയിച്ചാണ് കഴിഞ്ഞ ദിവസം ജാഗേശ്വർ അവരെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ മരണത്തിൽ സംശയം തോന്നിയ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. കബിതയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്ന് വിശ്വസിപ്പിക്കാൻ ശ്രമിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

പ്രണയവിവാഹിതരായ ഇരുവരും രണ്ട് വർഷം മുൻപാണ് ഒരുമിച്ച് താമസം ആരംഭിച്ചത്. വിവാഹശേഷം മൂന്നാർ പെരിയവാര എസ്റ്റേറ്റിലായിരുന്നു താമസം. പെരിയവാര ഫാക്ടറിയിലെ ജീവനക്കാരിയായിരുന്നു കബിത. എന്നാൽ കഴിഞ്ഞ ആറുമാസമായി ഇവർ ജോലിക്ക് പോയിരുന്നില്ല. ഇതിനിടെ ദമ്പതികൾക്കിടയിൽ കുടുംബപ്രശ്നങ്ങൾ പതിവായിരുന്നുവെന്നും ഭാര്യയെക്കുറിച്ചുള്ള ഭർത്താവിന്റെ സംശയമാണ് തർക്കങ്ങൾക്ക് പ്രധാന കാരണമായിരുന്നതെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞ ദിവസം കബിതയും സഹോദരനും ചേർന്ന് ഒരു സുഹൃത്തിനെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകാൻ പോയിരുന്നു. ഇതോടെ ഭാര്യയെക്കുറിച്ചുള്ള ജാഗേശ്വറിന്റെ സംശയം ശക്തമായെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് പ്രശ്നങ്ങൾ സംസാരിച്ച് പരിഹരിക്കാമെന്ന് പറഞ്ഞ് ഇരുവരും പഴയ മൂന്നാറിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തു. രണ്ട് ദിവസമായി ഇവിടെ താമസിച്ചുവരികയായിരുന്നു.

ഇതിനിടെയാണ് കഴിഞ്ഞ രാത്രി കബിതയെ ജാഗേശ്വർ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കൊലപാതകത്തിന് പിന്നാലെ വിഷം കഴിച്ചെന്ന വ്യാജേന യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

More Stories from this section

family-dental
witywide