
ചെന്നൈ: സ്കൂൾ റീയൂണിയനിലൂടെ വീണ്ടും കണ്ടുമുട്ടി പ്രണയത്തിലായ മുൻ സഹപാഠിയെ മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തെത്തുടർന്ന് കൊലപ്പെടുത്തിയെന്ന് ആരോപണം. തമിഴ്നാട്ടിലെ തിരുപ്പത്തൂർ ജില്ലയിൽ നടന്ന ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് സഞ്ജയ് ഗാന്ധി എന്ന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാലിനിയും രഞ്ജിത് കുമാറുമാണ് കൊല്ലപ്പെട്ടത്.
തിരുവണ്ണാമലൈ ജില്ലയിൽ ഒരേ സ്കൂളിൽ പഠിച്ചവരായിരുന്നു സഞ്ജയ് ഗാന്ധിയും മാലിനിയും. കഴിഞ്ഞ വർഷം നടന്ന സ്കൂൾ റീയൂണിയനിലാണ് ഇരുവരും വീണ്ടും കണ്ടുമുട്ടിയതെന്നും തുടർന്ന് പ്രണയത്തിലായെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
എന്നാൽ അടുത്തിടെ മാലിനി സഞ്ജയിൽനിന്ന് അകലം പാലിക്കാൻ തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്. ഇതിനിടെ മാലിനി മറ്റൊരു യുവാവുമായി അടുപ്പത്തിലായെന്ന് സഞ്ജയ് സംശയിച്ചു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
പ്രണയബന്ധത്തിലെ അസൂയയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനമെന്നും സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
ബന്ധുക്കളായ മാലിനിയും രഞ്ജിത് കുമാറും ഒരു ടാക്സിയിൽ സ്ഥലത്തെത്തിയ ശേഷം വാഹനത്തിൽനിന്ന് പുറത്തിറങ്ങിയപ്പോഴാണ് ആക്രമണമുണ്ടായത്. ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ സഞ്ജയ് ഗാന്ധിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളും സംഭവങ്ങളുടെ കൃത്യമായ ക്രമവും പൊലീസ് പരിശോധിച്ചുവരികയാണ്.














