അമേരിക്കയിലെ വാഷിങ്ടൺ സർവകലാശാലയിലെ 19-കാരിയായ ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ കേസിൽ ഒരാളെ അറസ്റ്റ് ചെയ്തതായി സിയാറ്റിൽ പൊലീസ് വ്യാഴാഴ്ച അറിയിച്ചു. 31-കാരനായ പ്രതി ബുധനാഴ്ച ബെൽവ്യൂ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയതായും തുടർന്ന് കിംഗ് കൗണ്ടി ജയിലിലേക്ക് മാറ്റിയതായും പൊലീസ് വ്യക്തമാക്കി. പ്രതിയുടെ പേര് അധികൃതർ പുറത്തുവിട്ടിട്ടില്ല.
ഞായറാഴ്ച രാത്രി സർവകലാശാല ക്യാംപസിലെ ഹൗസിംഗ് ബിൽഡിംഗിലെ ലോണ്ട്രി റൂമിൽ വിദ്യാർത്ഥിനിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിന് പിന്നാലെ പൊലീസ് വ്യാപക തിരച്ചിൽ ആരംഭിക്കുകയും ബുധനാഴ്ച പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങൾ പുറത്തുവിടുകയും ചെയ്തു.
സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ സർവകലാശാല പ്രസിഡന്റ് റോബർട്ട് ജെ. ജോൺസ്, “ഒരു വിദ്യാർത്ഥിയെ നഷ്ടപ്പെടുന്ന വേദന വിവരിക്കാൻ വാക്കുകളില്ല,” എന്ന് പ്രസ്താവനയിൽ പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ കാരണം പൊലീസ് വ്യക്തമാക്കിയിട്ടില്ല. എന്നാൽ, “ട്രാൻസ് വ്യക്തിക്കെതിരായ അതിക്രമം LGBTQIA+ സമൂഹത്തിൽ പ്രത്യേക ആശങ്ക സൃഷ്ടിക്കുന്നതാണ്,” എന്ന് ജോൺസ് ചൂണ്ടിക്കാട്ടി.
“സംഭവത്തിൽ മാനസികമായി ബാധിക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പിന്തുണയും ആവശ്യമായ സഹായവും നൽകുന്നതിനായി സ്റ്റുഡന്റ് ലൈഫ് വിഭാഗം ഇടപെടുന്നുണ്ട്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Murder of transgender student at University of Washington; Suspect arrested














