
സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തെ പാർട്ടി അവഗണിക്കുന്നുവെന്ന ഭാര്യ വിനോദിനി ബാലകൃഷ്ണന്റെ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്ത്. പാർട്ടി ആരെയും അവഗണിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം കൂടി താൻ അവരുടെ വീട്ടിൽ നേരിട്ടെത്തി കണ്ടതാണെന്നും അദ്ദേഹം ഡൽഹിയിൽ വ്യക്തമാക്കി. ആരും തിരിഞ്ഞുനോക്കാതെ ഇരുന്നിട്ടില്ലെന്നും കോടിയേരിയുടെ വീട്ടിൽ താൻ ഇടയ്ക്ക് പോകാറുണ്ടെന്നും വ്യക്തമാക്കിയ എം.വി. ഗോവിന്ദൻ, വിനോദിനി എന്തുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെ പറഞ്ഞതെന്ന് അവർ തന്നെ വ്യക്തമാക്കട്ടെയെന്നും കൂട്ടിച്ചേർത്തു. വിനോദിനി ആർക്കെതിരെയാണ് ആരോപണം ഉന്നയിച്ചതെന്ന് തനിക്ക് അറിയില്ലെന്നും അക്കാര്യം അവരോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അന്തരിച്ച മുൻ നേതാക്കളായ ഇ.കെ. നായനാരുടെയും ചടയൻ ഗോവിന്ദന്റെയും കുടുംബങ്ങളെ പാർട്ടി ഇപ്പോഴും സന്ദർശിക്കാറുണ്ടെന്നും എം.വി. ഗോവിന്ദൻ ഓർമ്മിപ്പിച്ചു. ‘പച്ചക്കുതിര’ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി വിനോദിനി ബാലകൃഷ്ണൻ രംഗത്തെത്തിയത്. കോടിയേരിയുടെ മരണശേഷം സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിൽ നിന്ന് നേരിട്ടത് ക്രൂരമായ അവഗണനയാണെന്നും നേതാക്കൾ കുടുംബത്തെ തിരിഞ്ഞുനോക്കിയില്ലെന്നുമായിരുന്നു വിനോദിനിയുടെ വെളിപ്പെടുത്തൽ. കേരളത്തിൽ പ്രധാന സ്ഥാനം വഹിക്കുന്ന ഒരു പോളിറ്റ് ബ്യൂറോ അംഗം ആവശ്യത്തിന് വിളിച്ചാൽ പോലും ഫോൺ എടുക്കാറില്ലെന്നും നാല് വർഷത്തിനിടെ ഒരിക്കൽ പോലും തങ്ങളുടെ സൗഖ്യം അന്വേഷിച്ചില്ലെന്നും വിനോദിനി തുറന്നടിച്ചിരുന്നു.
വാർത്താസമ്മേളനത്തിൽ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട യുഡിഎഫ് സർക്കാരിന്റെ ഇരട്ടത്താപ്പിനെയും എം.വി. ഗോവിന്ദൻ രൂക്ഷമായി വിമർശിച്ചു. പദ്ധതിയിൽ പങ്കാളികളായില്ലെങ്കിൽ കേരളത്തിന് ലഭിക്കേണ്ട കേന്ദ്ര ഫണ്ട് തരില്ലെന്നായിരുന്നു മുൻപ് കേന്ദ്ര നിലപാട്. അന്ന് കരാറിൽ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉയർന്നപ്പോൾ സിപിഎം-ബിജെപി കൂട്ടുകെട്ടാണെന്ന് ആരോപിച്ച് യുഡിഎഫും ലീഗ് നേതാക്കളും രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോൾ അതേ യുഡിഎഫ് സർക്കാർ പുതിയ ന്യായങ്ങൾ മുന്നോട്ടുവെച്ച് പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോവുകയാണെന്നാണ് അറിയുന്നത്. കരാർ മാറ്റിവെക്കാൻ യുഡിഎഫ് സർക്കാരിന് സാധിക്കുമെന്നിരിക്കെ അവർ എന്തുകൊണ്ടാണ് അതിന് തയ്യാറാകാത്തതെന്നും പ്രതിപക്ഷ ഉപനേതാവ് പദവിയെക്കുറിച്ചുള്ള തർക്കത്തിൽ ഇടതുപക്ഷ പാർട്ടികൾ ഒരുമിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ പുതിയ ബന്ധുനിയമന വിവാദത്തിലും യുഡിഎഫ് സർക്കാരിനെതിരെ എം.വി. ഗോവിന്ദൻ ശക്തമായ ഭാഷയിൽ വിമർശനം ഉന്നയിച്ചു. മുൻപ് ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് ബന്ധുനിയമനങ്ങൾക്കെതിരെ അതിശക്തമായ ആക്ഷേപങ്ങളും ആരോപണങ്ങളും ഉന്നയിച്ചിരുന്നവരാണ് ഇപ്പോഴത്തെ ഭരണപക്ഷമായ യുഡിഎഫ്. എന്നാൽ ഇപ്പോൾ തങ്ങളുടെ ഭാഗത്തുനിന്ന് പരസ്യമായി ബന്ധുനിയമനം ഉണ്ടായപ്പോൾ ഭരണപക്ഷത്തെ ആരും ഒന്നും മിണ്ടുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബന്ധു കഴിവുള്ള ആളാണെന്ന ന്യായീകരണമാണ് ഇപ്പോൾ അവർ നിരത്തുന്നത്. ഇത് തികച്ചും അവസരവാദപരമായ നിലപാടാണെന്നും എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
MV Govindan rejects Vinodini Balakrishnan’s allegations of CPM neglecting Kodiyeri’s family












