
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ വാർത്താസമ്മേളനങ്ങളിലെ തൻ്റെ ശരീരഭാഷ ശരിയായില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തിരുവനന്തപുരം സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ സ്വയം വിമർശനമായി സമ്മതിച്ചു. തൻ്റെ പെരുമാറ്റത്തിൽ മാറ്റം ആവശ്യമാണെന്ന് വീട്ടിൽ നിന്നുപോലും അഭിപ്രായമുയർന്നിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.”പത്രസമ്മേളനങ്ങൾ വീണ്ടും കണ്ടുനോക്കണമെന്ന് മകൻ പറയാറുണ്ട്. കണ്ണാടിയിൽ നോക്കാറുണ്ടോ എന്ന് മകൻ ചോദിക്കുന്ന സന്ദർഭവും ഉണ്ടായിട്ടുണ്ട്”- എം.വി ഗോവിന്ദൻ പറഞ്ഞു.
വാർത്താസമ്മേളനങ്ങളിലെ തൻ്റെ ശരീരഭാഷ ശരിയായില്ലെന്നും ഇനിമുതൽ കൂടുതൽ പക്വതയോടെ പെരുമാറുമെന്നും അദ്ദേഹം കമ്മിറ്റിക്ക് ഉറപ്പുനൽകി. നേതാക്കളുടെ സംസാര ശൈലിയിൽ മാറ്റം വരണമെന്ന് നിർദേശിച്ച അദ്ദേഹം, ഡിവൈഎഫ്ഐയുടെ പ്രവർത്തനരീതി കുറച്ചുകൂടി മെച്ചപ്പെടണമെന്നും ആവശ്യപ്പെട്ടു. വെറും പൊതിച്ചോർ വിതരണത്തിനും സാമൂഹ്യപ്രവർത്തനങ്ങൾക്കും അപ്പുറമുള്ള രാഷ്ട്രീയ ഇടപെടലുകൾ ഡിവൈഎഫ്ഐയുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. യുവജനങ്ങൾക്കിടയിൽ ഡിവൈഎഫ്ഐ സംഘടനാപരമായി കൂടുതൽ ഇറങ്ങിച്ചെല്ലണമെന്നും എം.വി. ഗോവിന്ദൻ നിർദേശിച്ചു.
MV Govindan’s self-criticism that his body language is not correct













