
ഇറാനും അമേരിക്കയ്ക്കും ഇടയിൽ സംഘർഷം രൂക്ഷമായിരിക്കുന്നതിനിടെ, ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലും സഹെദാനിലും ആകാശത്ത് പ്രത്യക്ഷപ്പെട്ട വർണ്ണശബളമായ നിഗൂഢ വസ്തു വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സെപ്റ്റംബർ 20-ന് ടെഹ്‌റാനിലെ ആസാദേഗാൻ എക്‌സ്പ്രസ് വേയ്ക്ക് സമീപമാണ് മിന്നിത്തിളങ്ങുന്ന ഈ അജ്ഞാത വസ്തു ആദ്യം ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്. പെട്ടെന്ന് നിശ്ചലമായി നിൽക്കാനും ഞൊടിയിടയിൽ അപ്രത്യക്ഷമാകാനും കഴിയുന്ന ഈ പ്രതിഭാസത്തിൽ ഇരുരാജ്യങ്ങളുടെയും സൈന്യം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
സംഭവത്തിന് പിന്നാലെ അമേരിക്കയുടെ അതീവ രഹസ്യ വിമാനമെന്ന് കരുതപ്പെടുന്ന ‘ടിആർ-3ബി ബ്ലാക്ക് മാന്റ’യാണിതെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ ശക്തമായി. ആരും ഇതുവരെ കണ്ടിട്ടില്ലാത്ത അത്യാധുനിക ആയുധങ്ങൾ അമേരിക്കയുടെ പക്കലുണ്ടെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമീപകാല പ്രസ്താവനയാണ് ഈ സംശയങ്ങൾക്ക് ആക്കം കൂട്ടിയത്. ഇറാന് കടുത്ത മുന്നറിയിപ്പ് നൽകുന്നതിനിടയിലായിരുന്നു ആധുനിക സൈനിക സാങ്കേതികവിദ്യകളെക്കുറിച്ചുള്ള ട്രംപിന്റെ പരാമർശം.
വേഗവും ദിശയും പെട്ടെന്ന് മാറ്റാൻ സഹായിക്കുന്ന പ്രത്യേക ത്രസ്റ്റ് സിസ്റ്റങ്ങളും ആധുനിക റഡാർ വിരുദ്ധ സംവിധാനങ്ങളും ബ്ലാക്ക് മാന്റ വിമാനങ്ങൾക്കുണ്ടെന്നാണ് കരുതപ്പെടുന്നത്. പരമ്പരാഗത ജെറ്റ് ഇന്ധനങ്ങൾക്ക് പകരം റേഡിയോ ആക്ടീവ് പ്ലാസ്മ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഭൂഗുരുത്വാകർഷണത്തെ മറികടക്കാൻ ശേഷിയുള്ള സാങ്കേതികവിദ്യയാണിതെന്നാണ് പ്രചരിക്കുന്ന വാദങ്ങൾ. ശബ്ദത്തേക്കാൾ എട്ടിരട്ടിയിലധികം വേഗതയിൽ പറക്കാനും 90 ഡിഗ്രി കോണിൽ പെട്ടെന്ന് ദിശ മാറ്റാനും നിർണ്ണായക വിവരങ്ങൾ ശേഖരിക്കാനും എ.ഐ. അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഈ വിമാനങ്ങൾക്ക് സാധിക്കുമെന്നും പറയപ്പെടുന്നു.
അമേരിക്കൻ സൈന്യം തങ്ങളുടെ രഹസ്യ വിമാനങ്ങൾ വർഷങ്ങളോളം പരസ്യപ്പെടുത്താതെ സൂക്ഷിച്ച ചരിത്രമുണ്ടെന്നതും ഈ സംശയങ്ങൾക്ക് ബലമേകുന്നു. 1983 മുതൽ കാണപ്പെട്ടിരുന്ന ത്രികോണാകൃതിയിലുള്ള എഫ്-117 നൈറ്റ്‌ഹോക്ക് വിമാനങ്ങളുടെ സാന്നിധ്യം 1988-ൽ മാത്രമാണ് അമേരിക്കൻ സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചത്. കൂടാതെ 2021-ൽ മെഡിറ്ററേനിയൻ കടലിലെ യു.എസ്. വിമാനവാഹിനിക്കപ്പലിൽ ഇത്തരം ത്രികോണാകൃതിയിലുള്ള വസ്തു കണ്ടതായി ഇറാന്റെ തസ്‌നിം ന്യൂസ് ഏജൻസിയും റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം ബ്ലാക്ക് മാന്റ വിമാനങ്ങൾ നിലവിലുണ്ടെന്ന് സ്ഥിരീകരിക്കുന്ന വ്യക്തമായ തെളിവുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസ്‌കവറി സയൻസിന്റെ (NIDS) അന്വേഷണ റിപ്പോർട്ടുകൾ പ്രകാരം ഇവ നിശബ്ദമായി പറക്കാൻ ശേഷിയുള്ള നിരീക്ഷണ വിമാനങ്ങളാകാം എന്ന നിഗമനവുമുണ്ട്. നിലവിൽ ഏരിയ-51 പോലെ ഒരു ഗൂഢസിദ്ധാന്തമായി കരുതപ്പെടുന്ന ഈ സംഭവത്തെക്കുറിച്ച് ഇറാന്റെ ഭാഗത്തുനിന്നുള്ള വിശദീകരണത്തിനായി കാത്തിരിക്കുകയാണ് മാധ്യമ ലോകം.
Mysterious UFO Spotted in Iran Skies; Rumors Swirl Over US Secret ‘Black Manta’ Aircraft















