
ബെയ്ജിംഗ്: ഇറാനിയൻ വിമാനക്കമ്പനികൾക്ക് ഉപരോധമേർപ്പെടുത്താനുള്ള അമേരിക്കയുടെ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി ചൈന. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിന്റെ അംഗീകാരമില്ലാത്തതുമായ ഇത്തരം നിയമവിരുദ്ധ ഏകപക്ഷീയ നടപടികളെ തങ്ങൾ ശക്തമായി എതിർക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ ബീജിംഗിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഇറാൻ വിമാനക്കമ്പനികളുടെ പ്രവർത്തനം ആഗോളതലത്തിൽ പൂർണ്ണമായി സ്തംഭിപ്പിക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് ടെലിവിഷൻ അഭിമുഖത്തിൽ മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് ചൈനയുടെ ശക്തമായ പ്രതികരണം. വ്യാഴാഴ്ച വാഷിംഗ്ടണിൽ വെച്ച് നടക്കാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ നയതന്ത്ര തർക്കം വീണ്ടും പുകയുന്നത്.
എന്നാല്‍, അയൽരാജ്യങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവെക്കാൻ വ്യോമയാന മന്ത്രാലയങ്ങളിൽ നിന്ന് യാതൊരുവിധ ഔദ്യോഗിക അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ഇറാന്റെ ദേശീയ വിമാനക്കമ്പനിയായ ‘ഇറാൻ എയർ’ വ്യക്തമാക്കി. ഇറാന്റെ വ്യോമയാന മേഖലയ്ക്ക് മേൽ അമേരിക്ക കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്താൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ഇറാൻ എയർ നിലപാട് പരസ്യമാക്കിയത്. ഇസ്താംബൂൾ, ബാക്കു, നജഫ് തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള സർവീസുകൾ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് തുർക്കി, അസർബൈജാൻ, ഇറാഖ് എന്നീ രാജ്യങ്ങളിലെ അധികൃതരിൽ നിന്നും നോട്ടീസുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ പുറത്തുവിട്ട പ്രസ്താവനയിൽ ഇറാൻ വ്യക്തമാക്കുന്നു.















